അക്രമികള്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രം ഉടന്‍ പുതുക്കി പണിയണം; പാകിസ്ഥാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്

ഒരു വിഭാഗം അക്രമാസക്തരായ ആള്‍ക്കൂട്ടം തകര്‍ത്ത ഹിന്ദു ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഉടന്‍ നടത്താന്‍ പാകിസ്ഥാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്
തകര്‍ത്ത ഹിന്ദു ക്ഷേത്രത്തില്‍ പൊലീസുകാര്‍ പരിശോധന നടത്തുന്നു/ എഎഫ്പി ഫയല്‍ ചിത്രം
തകര്‍ത്ത ഹിന്ദു ക്ഷേത്രത്തില്‍ പൊലീസുകാര്‍ പരിശോധന നടത്തുന്നു/ എഎഫ്പി ഫയല്‍ ചിത്രം

ഇസ്ലാമാബാദ്: അക്രമാസക്തരായ ആള്‍ക്കൂട്ടം തകര്‍ത്ത ഹിന്ദു ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഉടന്‍ നടത്താന്‍ പാകിസ്ഥാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരിനോടാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. രാജ്യത്തെ ഹിന്ദു വിശ്വാസ കേന്ദ്രങ്ങള്‍ അവഗണന നേരിടുന്നതായുള്ള ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് സുപ്രീംകോടതിയുടെ നടപടി.

ഡിസംബര്‍ 30നാണ് കാരക് ജില്ലയിലെ തേരി പ്രദേശത്തെ ക്ഷേത്രം ഒരു കൂട്ടം തീവ്ര വിഭാഗക്കാര്‍ അഗ്നിക്കിരയാക്കിയത്. 1920ലെ ക്ഷേത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമുദായ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ഒരു കൂട്ടം സാമൂഹ്യവിരുദ്ധര്‍ ക്ഷേത്രം തകര്‍ത്തത്. കഴിഞ്ഞ മാസം ക്ഷേത്രം പുനരുദ്ധരിക്കുമെന്ന് ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ അക്രമികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്താന്‍ പ്രവിശ്യാ സര്‍ക്കാരിനോട് നിര്‍ദേശിച്ച സുപ്രീംകോടതി ഇതിന്റെ സമയപരിധി നിശ്ചയിച്ച് അറിയിക്കാനും ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് ക്ഷേത്രത്തിന് നേരെ ആക്രമണം നടക്കുന്നത്. 1997ലും ക്ഷേത്രത്തിന് നേരെ ആക്രമണം നടന്നിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം പുനരുദ്ധരിച്ച ക്ഷേത്രമാണ് അഗ്നിക്കിരയാക്കിയത്‌. 

രാജ്യത്തെ ഹിന്ദു വിശ്വാസ കേന്ദ്രങ്ങള്‍ അവഗണന നേരിടുന്നതായാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019ലാണ് സുപ്രീംകോടതി ഷോയ്ബ് സഡില്‍ കമ്മീഷന് രൂപം നല്‍കിയത്. ന്യൂനപക്ഷത്തിന്റെ പുരാതന വിശ്വാസ കേന്ദ്രങ്ങളില്‍ ഒട്ടുമിക്കതും സംരക്ഷിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഭജനത്തിന് മുന്‍പ് 428 ക്ഷേത്രങ്ങളാണ് പാകിസ്ഥാനില്‍ ഉണ്ടായിരുന്നത്. ഇത് 20 ആയി ചുരുങ്ങിയതായി ഔദ്യോഗിക സര്‍വ്വേ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com