പ്രാഥമിക കോവിഡ് കേസുകളുടെ വിശദ വിവരങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് നൽകാൻ വിസമ്മതിച്ച് ചൈന
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th February 2021 09:41 PM |
Last Updated: 13th February 2021 09:41 PM | A+A A- |

പ്രതീകാത്മക ചിത്രം
ബെയ്ജിങ്: കോവിഡിന്റെ ഉത്ഭവം അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പ്രാഥമിക കോവിഡ് കേസുകളുടെ വിശദ വിവരങ്ങൾ നൽകാൻ വിസമ്മതിച്ച് ചൈന. മഹാമാരി എങ്ങനെ ആരംഭിച്ചുവെന്ന് മനസിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സംഘം വിശദ വിവരങ്ങൾ ആരാഞ്ഞത്. ചൈനയുടെ നിസഹകരണം ശ്രമം സങ്കീർണ്ണമാകാൻ സാധ്യതയുണ്ടെന്ന് സംഘത്തിലെ ഒരംഗം വ്യക്തമാക്കി.
2019 ഡിസംബറിൽ ചൈനീസ് നഗരമായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയുടെ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞ 174 രോഗികളുടെ വിശദമായ വിവരങ്ങൾ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവയുടെ സംഗ്രഹം മാത്രമേ ചൈന നൽകിയിട്ടുള്ളു എന്നാണ് സംഘത്തിലെ അംഗങ്ങൾ പറയുന്നത്.
തുടക്കത്തിലെ 174 കേസുകളിൽ പകുതിയും വുഹാൻ മാർക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ വിവരം ലഭിക്കേണ്ടത് പ്രധാനമാണെന്ന്
ടീമിലെ അംഗമായ ഓസ്ട്രേലിയൻ പകർച്ചവ്യാധി വിദഗ്ധനായ ഡൊമിനിക് ഡ്വെയർ പറഞ്ഞു. എന്തുകൊണ്ടാണ് വിവരം ലഭിക്കാത്തതെന്ന് അറിയില്ല. അതിന്റെ കാരണം രാഷ്ട്രീയമാണോ അതോ മറ്റെന്തെങ്കിലും ബുദ്ധിമുട്ടാണോ എന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരിയിൽ ചൈനയിലെത്തിയ സംഘം കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണങ്ങൾക്കായി നാല് ആഴ്ച അവിടെ ചെലവഴിച്ചിരുന്നു. കോവിഡിന്റെ തുടക്കം സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചുവെയ്ക്കുന്നതായി നേരത്തെയും ആരോപണമുണ്ടായിരുന്നു.