കുറ്റവിമുക്തനായി ട്രംപ്; ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റിൽ പരാജയപ്പെട്ടു, ക്ലീൻചിറ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 08:30 AM |
Last Updated: 14th February 2021 08:30 AM | A+A A- |

ഡോണള്‍ഡ് ട്രംപ്/ഫയല്‍
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റിൽ പരാജയപ്പെട്ടു. ക്യാപിറ്റോൾ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് ഇംപീച്ച്മെന്റ് വിചാരണ നേരിട്ട ട്രംപിനെതിരെയുള്ള പ്രമേയത്തിന് ഭൂരിപക്ഷം കണ്ടെത്താനായില്ല. 43നെതിരെ 57 വോട്ടുകൾക്കാണ് പ്രമേയം പരാജയപ്പെട്ടത്.
അഞ്ച് ദിവസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്. 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കും തുല്യ അംഗബലമുണ്ട്. എന്നാൽ 50 ഡെമോക്രാറ്റുകളും ഏഴ് റിപ്പബ്ലിക്കൻ സെനറ്റർമാരും മാത്രമാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. നടപടിക്കാവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതോടെയാണ് സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്. ഇതോടെ ട്രംപിന് വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ഫെഡറൽ പദവി വഹിക്കാനും തടസമുണ്ടാകില്ല.
ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭ ഡിസംബറിലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്.