യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്, 70ശതമാനം താഴേക്ക്; കോവിഡ് തിരിച്ചടി മറികടക്കാൻ ഒരുങ്ങി ദുബായ് വിമാനത്താവളം

ഫ്ലൈറ്റുകളുടെ എണ്ണം പകുതിയോളമായി കുറഞ്ഞിട്ടും 80 ശതമാനത്തിൽ താഴെ സീറ്റുകളിൽ മാത്രമാണ് ആളുകളുണ്ടായിരുന്നത്
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം/ ചിത്രം: എ പി
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം/ ചിത്രം: എ പി

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ 70 ശതമാനത്തോളം കുറവുണ്ടായെന്നാണ് റിപ്പോർട്ട്. പല എയർലൈനുകളും ഷെഡ്യൂൾ വെട്ടിക്കുറച്ചു. ഫ്ലൈറ്റുകളുടെ എണ്ണം പകുതിയോളമായി കുറഞ്ഞിട്ടും 80 ശതമാനത്തിൽ താഴെ സീറ്റുകളിൽ മാത്രമാണ് ആളുകളുണ്ടായിരുന്നതെന്ന് ദുബായ് എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത് പറഞ്ഞു

“യാത്രാ വ്യവസായം ഏറ്റവും മോശം സാഹചര്യങ്ങൾക്ക് സാക്ഷ്യം വഹിച്ച സമയമാണ് പോയവർഷം. അതിന്റെ പ്രതിഫലനമാണ് ഈ കണക്കുകൾ. അതുകൊണ്ടുതന്നെ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്, ഗ്രിഫിത്ത് പറഞ്ഞു.

ലോകമെമ്പാടും മാസങ്ങളോളം യാത്രാ വ്യവസായം തകർന്നുകിടന്നപ്പോൾ 2019 ൽ 86.4 ദശലക്ഷം യാത്രക്കാരെ കണ്ട ദുബായി വിമാനത്താവളത്തിലും സ്ഥിതി മറ്റൊന്നായിരുന്നില്ല. അടഞ്ഞുകിടന്ന കടകളുമായി ഒരു പ്രേതന​ഗരത്തിന്റെ അവസ്ഥയായിരുന്നു ഇവിടെ. എന്നാൽ ഡിസംബർ മുതൽ തിരിച്ചുവരവിന്റെ പ്രതീതി കണ്ടുതുടങ്ങി. മഹാമാരിക്കിടയിലും സുരക്ഷിത അവധികേന്ദ്രമായി മാറിയ ദുബായിലേക്ക് വിനോദസഞ്ചാരികൾ എത്തിത്തു‌ടങ്ങി. ഡിസംബറിൽ മാത്രം യാത്രക്കാരുടെ എണ്ണം 2.19 ദശലക്ഷമായി ഉയർന്നു.

ഇളവുകൾ പ്രഖ്യാപിച്ചതോടെ ലോക്ക്ഡൗൺ നിരാശയിൽ കഴിഞ്ഞിരുന്നവർ പുതുവർഷം ആഘോഷിക്കാനും അവധി കൊണ്ടാടാനുമായി ഇവിടേക്ക് ഒഴുകിയെത്തി. ആഢംബര ഹോട്ടലുകളും ബാറുകളും നിറഞ്ഞു. ജൂലൈ മുതൽ ആവേശത്തോടെയാണ് ​ദുബായ് മറ്റിടങ്ങളിൽ നിന്നെത്തുന്ന ആളുകളെ വരവേറ്റിരുന്നത്. രാജ്യത്തെത്തുന്നതോടെ പരിശോധനയ്ക്ക് തയ്യാറാകുന്ന എല്ലാവർക്കും ദുബായ് സന്ദർശിക്കാൻ അവസരമൊരുങ്ങി.

‍കൊറോണ വൈറസിനെതിരെയുള്ള വാക്സിനുകൾ വേഗത്തിൽ ലഭ്യമാക്കാനും കൂടുതൽ ആളുകളെ യാത്രചെയ്യാനും പ്രോത്സാഹിപ്പിക്കുകയാണെന്ന് ഗ്രിഫിത്ത് പറഞ്ഞു. കോൺടാക്റ്റ്ലെസ്, തെർമൽ ഇമേജിംഗ് സാങ്കേതികവിദ്യയുടെ ഉപയോ​ഗവും ​ഗുണ ചെയ്യുമെന്നാണ് പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com