മാറിടം മറയ്ക്കാതെ നഗ്നയായി, കഴുത്തില്‍ ഗണേശ വിഗ്രഹം പതിപ്പിച്ച ലോക്കറ്റ് ; പോപ്പ് ഗായിക റിഹാന വീണ്ടും വിവാദത്തില്‍

ഇതിനെയും കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ എന്ന് ബിജെപി നേതാവ് രാം കദം
റിഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം
റിഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം

ന്യൂഡല്‍ഹി : കര്‍ഷകസമരത്തെ പിന്തുണച്ച് രംഗത്തുവന്ന പോപ്പ് ഗായിക റിഹാന വീണ്ടും വിവാദത്തില്‍. അര്‍ധനഗ്നയായി, ഗണേശ വിഗ്രഹം ആലേഖനം ചെയ്ത ലോക്കറ്റ് ഉള്ള മാല ധരിച്ചുകൊണ്ടുള്ള  പുതിയ ചിത്രമാണ് വിവാദത്തിന് അടിസ്ഥാനം. സമൂഹമാധ്യമങ്ങളിലാണ് പോപ് സ്റ്റാര്‍ പുതിയ ചിത്രം പങ്കുവെച്ചത്. 

ചിത്രത്തിനും പോപ് സ്റ്റാര്‍ റിഹാനയ്ക്കും എതിരെ ബിജെപി രംഗത്തുവന്നു. ഇത്തരം ഒരു ചിത്രം പങ്കുവെച്ചതിലൂടെ റിഹാന എന്താണ് ലക്ഷ്യമിടുന്നത് ?. അവരുടെ പ്രവൃത്തി ഗൂഡോദ്ദേശത്തോടെ ഉള്ളതാണെന്ന് ഇത് തെളിയിക്കുന്നു. ഇതിനെയും കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ എന്ന് ബിജെപി നേതാവ് രാം കദം ചോദിച്ചു. 

റിഹാന ഇന്ത്യന്‍ ദൈവങ്ങളെ അവഹേളിക്കുകയാണ് ചെയ്തത്. ശിവസേനയ്ക്ക് ഇത് കാണാന്‍ കഴിയാതെ അന്ധരായി പോയോ എന്നും കദം ചോദിച്ചു. ഒരുകാലത്ത് ദൈവങ്ങള്‍ക്കെതിരായ ഇത്തരം സംഭവങ്ങളില്‍ ശക്തമായി ശിവസേന രംഗത്തു വരുമായിരുന്നു. ഇപ്പോള്‍ ഇവര്‍ മൗനം പാലിക്കുകയാണ്. അധികാരമാണ് അവരുടെ പ്രധാന ലക്ഷ്യമെന്ന് ഈ മൗനം തെളിയിക്കുന്നു എന്നും ബിജെപി നേതാവ് അഭിപ്രായപ്പെട്ടു. 

പുതിയ ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ നിരവധി പ്രതികരണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. റിഹാന, മതത്തെ സൗന്ദര്യപരീക്ഷണത്തിന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കൂ. മാലയിലെ ഗണേശ ലോക്കറ്റ് മാറ്റൂ എന്ന് ഒരാള്‍ ആവശ്യപ്പെട്ടു. ഇത് തങ്ങളുടെ മതത്തെ അവഹേളിക്കുന്നതാണെന്ന് മറ്റൊരാളും പ്രതികരിച്ചു. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് റിഹാന രംഗത്തുവന്നപ്പോള്‍ പിന്തുണച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും എതിര്‍ത്ത് ബിജെപിയും രംഗത്തു വന്നിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com