'വൈറസ് വകഭേദത്തെ ചെറുക്കാന്‍ ഫലപ്രദമല്ല' ; ഇന്ത്യയുടെ വാക്‌സിന്‍ തിരിച്ചെടുക്കണമെന്ന് ദക്ഷിണാഫ്രിക്ക

ക്ലിനിക്കല്‍ ട്രയലില്‍ കോവിഷീല്‍ഡിന്റെ കോവിഡ് പ്രതിരോധം 21.9 ശതമാനം മാത്രമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്ത് പടരുന്ന കോവിഡ് വകഭേദത്തെ നേരിയാന്‍ ഫലപ്രദമല്ലാത്തതിനാല്‍ കോവിഷീല്‍ഡ് വാക്‌സിന്‍ തിരിച്ചെടുക്കണമെന്ന് ദക്ഷിണാഫ്രിക്ക. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിനോടാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയില്‍ നിന്നും ഈ മാസം എത്തിച്ച കോവിഷീല്‍ഡ് വാക്‌സിന്റെ 10 ലക്ഷം ഡോസ് തിരികെ എടുക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. 

ദക്ഷിണാഫ്രിക്കയില്‍ 90 ശതമാനം ആളുകള്‍ക്കും ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ വകഭേദമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് ഇതിന് ഫലപ്രദമല്ലെന്നാണ് ദക്ഷിണാഫ്രിക്ക അറിയിച്ചത്. ഇതേത്തുടര്‍ന്ന് കോവിഷീല്‍ഡ് വാക്‌സിനേഷന്‍ ദക്ഷിണാഫ്രിക്ക നിര്‍ത്തിവെച്ചിരിക്കുകയാണ്. 

രാജ്യത്ത് നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ കോവിഷീല്‍ഡിന്റെ കോവിഡ് പ്രതിരോധം 21.9 ശതമാനം മാത്രമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കാന്‍ 50 ശതമാനമെങ്കിലും ഫലപ്രാപ്തി ഉണ്ടായിരിക്കണമെന്നാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ നയം. 

ഫെബ്രുവരി ഏഴിനാണ് ഇന്ത്യ 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ദക്ഷിണാഫ്രിക്കയ്ക്ക് അയച്ചു കൊടുത്തത്. അഞ്ചു ലക്ഷം ഡോസ് അടുത്ത ആഴ്ച അയ്കാനിരിക്കെയാണ്, വാകിസിന്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ദക്ഷിണാഫ്രിക്ക സിറം ഇൻസ്റ്റിറ്റ്യൂട്ടിനെ സമീപിച്ചിരിക്കുന്നത്. ആസ്ട്രസെനക്കയുടെ കോവിഷീല്‍ഡ് അടിയന്തര ആവശ്യത്തിന് ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com