'കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി, ഒരു മണിക്കൂറിനുള്ളില്‍ പ്രസവം'; യുവതിയുടെ വിചിത്രവാദം, അന്വേഷണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 04:26 PM |
Last Updated: 17th February 2021 04:26 PM | A+A A- |
സിതി സൈന
ജക്കാര്‍ത്ത: കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായെന്നും ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കിയെന്നുമുള്ള യുവതിയുടെ വിചിത്രവാദഗതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 25 വയസുള്ള ഇന്തോനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്.
സംഭവം വലിയ തോതിലുള്ള ചര്‍ച്ചയായതിനെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ പൊലീസാണ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. 'കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി. ഒരുമണിക്കൂറിനുള്ളില്‍ പ്രസവിച്ചു..'- സിതി സൈനയുടെ ഈ വാക്കുകളാണ് ചര്‍ച്ചയായത്. താന്‍ വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് കടന്ന് പോയി 15 മിനിറ്റുകള്‍ക്ക് ശേഷം വയറില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടന്‍ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു. യുവതി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞ ഈ വാക്കുകളാണ് ചര്‍ച്ചയായത്.
വിവരം അറിഞ്ഞ് സിതിയുടെ വീട്ടിലേക്ക് നാട്ടുകാര്‍ എത്തിച്ചേരാന്‍ തുടങ്ങി. വാര്‍ത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവര്‍ത്തകരും സിതിയെ സന്ദര്‍ശിച്ചു. അവരോടും സിതി ഇതേ വാദം തന്നെ ആവര്‍ത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും എന്നാല്‍ സിതി പറയുന്ന വാദം തള്ളിക്കളയുന്നുവെന്നുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.
പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകള്‍ താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്‌നന്‍സിയാണ് സിതിയുടേത് എന്നാണ് കമ്യൂണിറ്റ് ക്ലിനിക് തലവന്‍ പറയുന്നത്. ഇത്തരം അബദ്ധവാദങ്ങളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി.