കാറിന്റെ ചില്ലിൽ പെരുമ്പാമ്പ്; വൈപ്പർ ഇട്ട് ഓടിച്ച് ദമ്പതികൾ, വിമർശനം (വീഡിയോ) 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2021 10:28 PM  |  

Last Updated: 19th February 2021 10:28 PM  |   A+A-   |  

couple uses windscreen wipers to remove snake from moving car

വിൻഡ്‌ സ്ക്രീനിലേക്ക് ഇഴഞ്ഞെത്തിയ പെരുമ്പാമ്പ്

 

സിഡ്നി: ഓടുന്ന കാറിന്റെ മുന്നിലെ വിൻഡ്‌ സ്ക്രീനിലേക്ക് ഇഴഞ്ഞെത്തിയ പെരുമ്പാമ്പിനെ വൈപ്പർ ഉപയോഗിച്ച് അകറ്റി ദമ്പതികൾ. കാർ നിർത്തി പാമ്പിനെ മാറ്റുന്നതിന് പകരം  വൈപ്പർ ഉപയോ​ഗിച്ച് ഒഴിവാക്കാൻ ശ്രമിച്ച ദമ്പതികളുടെ നടപടിക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്.

ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. ദമ്പതികളായ മെലിസ ഹുഡ്സണും റോഡ്നി ഗ്രിഗ്സും ബ്രൂസ് ഹൈവേയിൽ നിന്ന് അലിഗേറ്റർ ക്രീക്കിലേക്ക് പോകുന്നതിനിടയിലാണ് കാറിന്റെ വിൻഡ്‌ സ്ക്രീനിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയത്.കാറിലേക്ക് പെരുമ്പാമ്പ് ഇഴഞ്ഞു കയറിയപ്പോൾ ഇവർ കാർ നിർത്തിയില്ല. പകരം വൈപ്പർ ഉപയോഗിച്ച് അതിനെ അടിച്ച് താഴേക്ക് വിടുകയാണ് ചെയ്തത്. വീണ്ടും മുകളിലേക്കിഴയാൻ ശ്രമിച്ച പാമ്പിനെ വൈപ്പർ കൊണ്ട് തന്നെ ഇവർ തടുത്തു. 

പിന്നീട് പാമ്പ് വിൻഡോ ഗ്ലാസിന്റെ വശത്തേക്ക് ഇഴഞ്ഞു നീങ്ങുന്നതും വിഡിയോയിൽ കാണാം. പക്ഷേ പാമ്പിനെ വൈപ്പർ ഉപയോഗിച്ച് തടുത്തതിന് ദമ്പതികൾ വിമർശനം നേരിടുകയാണ്. മിണ്ടാപ്രാണിയെ വേദനിപ്പിക്കാൻ പാടില്ലായിരുന്നുവെന്നാണ് വിഡിയോ കണ്ടവർ പറയുന്നത്.
അതേസമയം, പാമ്പിനെ കണ്ടപ്പോൾ ഒരു നിമിഷം പേടിച്ചുവെന്നും അത് ഇഴഞ്ഞ് കാറിനകത്തേക്കു കയറുമോയെന്ന് ഭയന്നാണ് വൈപ്പർ ഓൺ ആക്കിയതെന്നുമാണ് ദമ്പതികളുടെ വിശദീകരണം. അടുത്തു തന്നെയുള്ള ട്രാഫിക്ക് സിഗ്നലിലെത്തി പൊലീസിന്റെ സഹായത്തോടെ പാമ്പിനെ വണ്ടിയിൽ നിന്ന് നീക്കം ചെയ്തതായും ഇവർ വ്യക്തമാക്കി.