പക്ഷിപ്പനി വൈറസ് മനുഷ്യനില്‍ കണ്ടെത്തി; ലോകത്തിലെ ആദ്യ കേസ് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2021 09:20 AM  |  

Last Updated: 21st February 2021 09:20 AM  |   A+A-   |  

bird flu spreads

ഫയല്‍ ചിത്രം


മോസ്കോ: പക്ഷിപ്പനി പക്ഷികളിൽ നിന്നും മനുഷ്യനിലേക്ക് പകർന്നതായി കണ്ടെത്തി റഷ്യ. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനിക്ക് കാരണമായ എച്ച്5എൻ8 വൈറസ് മനുഷ്യനിൽ എത്തിയ കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ലോകാരോഗ്യ സംഘടന ജാഗ്രത നിർദേശം നൽകി. 

കഴിഞ്ഞ വർഷം ഡിസംബറിൽ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ട  ദക്ഷിണ റഷ്യയിലെ കോഴിഫാമിൽ ജോലി ചെയ്ത ഏഴുപേരിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ടെലിവിഷൻ സന്ദേശത്തിലാണ് റഷ്യൻ ആരോഗ്യ ഏജൻസി മേധാവി അന്ന പൊപ്പോവ ഈ കാര്യം സ്ഥിരീകരിച്ചത്.  റഷ്യയിലെ വെക്ടർ ലാബ് ഇവരുടെ ശരീരത്തിൽ വൈറസിൻറെ വകഭേദം കണ്ടെത്തി.

എന്നാൽ ഈ ഫാം ജീവനക്കാർക്ക് കാര്യമായ ആരോഗ്യ പ്രശ്നമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവർക്ക് ഫാമിൽ നിന്നായിരിക്കാം ശരീരത്തിൽ വൈറസ് ബാധയുണ്ടായത് എന്നാണ് കരുതുന്നത്. പക്ഷിപ്പനിയുടെ വൈറസിന് വിവിധ സബ് ടൈപ്പുകളുണ്ട്. ഇതിൽ എച്ച്5എൻ8 സ്ട്രെയിൻ പക്ഷികളുടെ മരണത്തിന് കാരണമാകും. ഇത് ഇതുവരെ മനുഷ്യ ശരീരത്തിൽ പ്രവേശിച്ചതായി റിപ്പോർട്ടില്ല. ഇത്  സുപ്രധാനമായ കണ്ടെത്തലാണെന്നാണ് എന്നാണ് റഷ്യൻ അവകാശവാദം. 

റഷ്യയുടെ വാദങ്ങൾ ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. റഷ്യൻ അധികൃതരുമായി ചേർന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. ഇതിൽ ഉണ്ടാകുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങൾ വിലയിരുത്തുമെന്നും ലോകാരോഗ്യ സംഘടന വക്താവ് അറിയിച്ചു.