ആയുധങ്ങളുമായി ഹോസ്റ്റലില്‍ ഇരച്ചു കയറി; നൈജീരിയയില്‍ 317 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അക്രമിസംഘം തട്ടിക്കൊണ്ടു പോയി

ആയുധങ്ങളുമായി ഹോസ്റ്റലില്‍ ഇരച്ചു കയറി; നൈജീരിയയില്‍ 317 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ അക്രമിസംഘം തട്ടിക്കൊണ്ടു പോയി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാനോ: നൈജീരിയയില്‍ 317 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ആയുധധാരികളായ അക്രമിസംഘം തട്ടിക്കൊണ്ടുപോയി. വടക്കു പടിഞ്ഞാറന്‍ നൈജീരിയയിലെ സംഫാര സംസ്ഥാനത്തിലുള്ള ഒരു ​ഗ്രാമപ്രദേശമായ ജാം​ഗെബെയിലാണ് സംഭവം. ​ഗവൺമെന്റ് ​ഗേൾസ് സയൻസ് സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റലില്‍ എത്തിയാണ് സംഘം തട്ടിക്കൊണ്ടുപോയത്. 

ആയുധധാരികളായി ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് സംഘം കുട്ടികളെ കടത്തിക്കൊണ്ടു പോയിരിക്കുന്നത്. സൈന്യവും പൊലീസുമടക്കമുള്ളവര്‍ കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.  അർധ രാത്രി ഒരു മണിയോടെയാണ് സംഭവം.

പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന നിരവധി ക്രിമിനല്‍ സംഘങ്ങള്‍ നൈജീരിയയിലുണ്ട്. ഇത്തരമൊരു സംഘമാണ് കുട്ടികളെ തട്ടിക്കൊണ്ടു പോയത്. ആയുധങ്ങളുമായി നിരവധി വാഹനങ്ങളിലെത്തിയാണ് സംഘം കുട്ടികളെ കടത്തിയത്. 

മോചന ദ്രവ്യം, ബലാത്സംഗം, കവര്‍ച്ച തുടങ്ങി നിരവധി ലക്ഷ്യങ്ങളുമായാണ് സംഘം നീക്കം നടത്തുന്നത്. നേരത്തെയും ഇത്തരത്തില്‍ നിരവധി തട്ടിക്കൊണ്ടു പോകലുകള്‍ നൈജീരിയയിലെ വിവിധ പ്രദേശങ്ങളില്‍ അരങ്ങേറിയിട്ടുണ്ട്. സമാനമാണ് ഇപ്പോഴത്തെ സംഭവവും. 

കുട്ടികളെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ ജാംഗെബെയില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മറ്റ് അധികൃതര്‍ക്കും നേരെ നാട്ടുകാര്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. രണ്ട് വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഒരു മാധ്യമ പ്രവര്‍ത്തകന് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com