പുതുവത്സരം ആഘോഷിക്കാൻ വെടിക്കെട്ട്; ചത്തു വീണത് ആയിരക്കണക്കിന് പക്ഷികൾ (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd January 2021 04:10 PM |
Last Updated: 02nd January 2021 04:10 PM | A+A A- |
റോഡിൽ ചത്തു വീണ പക്ഷികൾ/ ഫെയ്സ്ബുക്ക്
റോം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന വെടിക്കെട്ടിൽ പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങി. ഇറ്റലിയിലെ റോമിലാണ് ദാരുണ സംഭവം നടന്നത്. റോഡുകളിലും റെയിൽവേ സ്റ്റേഷനിലുമടക്കം ചത്തു കിടക്കുന്ന പക്ഷികളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നു.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പക്ഷികളുടെ കൂട്ടക്കൊലയാണ് നടന്നതെന്ന് മൃഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടന ആരോപിച്ചു. അതേസമയം പക്ഷികൾ കൂട്ടത്തോടെ ചാവാനുള്ള കാരണം വ്യക്തമല്ല.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഉയർന്ന ശബ്ദമുള്ള പടക്കങ്ങൾ പൊട്ടിച്ചിരുന്നു. മരങ്ങൾ ധാരാളമുള്ള മേഖലയിൽ പക്ഷികളും ഏറെയുണ്ടായിരുന്നു. പടക്കത്തിന്റെ ശബ്ദമാവാം പക്ഷികൾ ചാകാനിടയാക്കിയതെന്നാണ് കരുതുന്നതെന്ന് മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ പ്രവർത്തകർ പറഞ്ഞു.
പടക്കങ്ങൾ പൊട്ടിക്കുന്നത് മൃഗങ്ങൾക്കും പക്ഷികൾക്കും അപകടമുണ്ടാക്കുന്നത് പതിവാണെന്നും സംഘടനാ പ്രവർത്തകർ പറയുന്നു. എന്നാൽ കൂട്ടത്തോടെ പക്ഷികൾ ചത്തത് അസാധാരണമാണ്. മൃഗങ്ങൾക്കും പക്ഷികൾക്കും ഭീഷണിയുയർത്തുന്നതിനാൽ പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും തടയണമെന്ന് സംഘടന അധികൃതരോട് ആവശ്യപ്പെട്ടു.