വളഞ്ഞിട്ട് ആക്രമിച്ച് നായ്ക്കള്‍; രക്ഷതേടി മരത്തില്‍ കയറി 13 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാല (വീഡിയോ)

നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തിന്റെ മുകളില്‍ കയറിയ രാജവെമ്പാലയെയാണ് രക്ഷിച്ചത്
രക്ഷതേടി മരത്തില്‍ കയറിയ രാജവെമ്പാല
രക്ഷതേടി മരത്തില്‍ കയറിയ രാജവെമ്പാല

കൃഷിയിടത്തില്‍ നായ്ക്കളുടെ ആക്രമണം നേരിട്ട രാജവെമ്പാലയെ രക്ഷപ്പെടുത്തി. നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മരത്തിന്റെ മുകളില്‍ കയറിയ രാജവെമ്പാലയെയാണ് രക്ഷിച്ചത്.

തായ്ലന്‍ഡിലെ ചന്ദാബുരി പ്രവിശ്യയിലുള്ള ഒരു കൃഷിയിടത്തിലാണ് സംഭവം നടന്നത്. കൃഷിയിടത്തില്‍ കടന്നു കയറിയ രാജവെമ്പാലയെ അവിടെയുള്ള ഒന്‍പത് കാവല്‍ നായ്ക്കള്‍ ചേര്‍ന്നാണ് ആക്രമിച്ചത്. അവ പാമ്പിനെ കടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. നായ്ക്കളുടെ പിടിയില്‍ നിന്ന് രക്ഷപെടാനായി സമീപത്തെ മരത്തിനു മുകളിലാണ് രാജവെമ്പാല അഭയം തേടിയത്. 

നായ്ക്കള്‍ കൂട്ടമായി കുരയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ നോക്കിയപ്പോഴാണ്  മരത്തിനു മുകളില്‍ പതുങ്ങിയിരിക്കുന്ന രാജവെമ്പാലയെ  കണ്ടത്. 13 അടിയോളം നീളമുള്ള കൂറ്റന്‍ രാജവെമ്പാലയാണ് നായ്ക്കളെ പേടിച്ച് മരത്തിനു മുകളില്‍ പതുങ്ങിയിരുന്നത്. പാമ്പുപിടുത്ത വിദഗ്ദ്ധരെത്തി ഹുക്കുപയോഗിച്ച് പാമ്പിനെ താഴേക്ക് വലിച്ച ശേഷം പിടികൂടുകയായിരുന്നു.

പേടിച്ചരണ്ട പാമ്പ് രണ്ട് തവണ പാമ്പുപിടുത്തക്കാരെ ആക്രമിക്കാനൊരുങ്ങുന്നതും ദൃശ്യത്തില്‍ കാണാം. താഴേക്ക് വലിച്ചിട്ട പാമ്പിനെ പാമ്പുപിടുത്തക്കാര്‍ ഉടന്‍ തന്നെ അതിന്റെ തലയില്‍ പിടികൂടി ബാസ്‌ക്കറ്റിനുള്ളിലാക്കി. നായ്ക്കളുടെ ആക്രമണത്തില്‍ പാമ്പിന്റെ ശരീരത്തിലാകമാനം പരിക്കേറ്റിരുന്നു. പാമ്പിനെ വിശദപരിശോധനയ്ക്കും പരിചരണത്തിനുമായി സമീപത്തെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com