ജാക്ക് മാ/ ഫയല്‍ ചിത്രം: എപി
ജാക്ക് മാ/ ഫയല്‍ ചിത്രം: എപി

ആലിബാബ സ്ഥാപകന്‍ ജാക്ക് മായെ കാണാനില്ല; അപ്രത്യക്ഷമായത് ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെ 

ചൈനയിലെ പ്രമുഖ ടെക്ക് കമ്പനിയായ ആലിബാബയുടെ സ്ഥാപകനും ലോകത്തെ അതിസമ്പന്നരില്‍ ഒരാളുമായ ജാക്ക് മായെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍

ബീജിംഗ്: ചൈനയിലെ പ്രമുഖ ടെക്ക് കമ്പനിയായ ആലിബാബയുടെ സ്ഥാപകനും ലോകത്തെ അതിസമ്പന്നരില്‍ ഒരാളുമായ ജാക്ക് മായെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടുമാസത്തിന് മുകളിലായി ഇദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് മായുടെ നിയന്ത്രണത്തിലുള്ള ആന്റ് ഗ്രൂപ്പ് നിരീക്ഷണത്തിലാണ്. നൂനതനാശയങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്നു എന്ന ജാക്ക് മായുടെ പരാമര്‍ശം വിവാദമായിരുന്നു.

കഴിഞ്ഞ ദിവസം ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ജാക്ക് മാ താഴോട്ട് പോയിരുന്നു. ആറാം സ്ഥാനത്തേയ്ക്കാണ് പിന്തള്ളപ്പെട്ടത്. ജാക്ക് മായുടെ തന്നെ പരിപാടിയായ ആഫിക്കന്‍ ബിസിനസ് ഹീറോസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി പങ്കെടുക്കാതിരുന്നതും അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചു. ആഫ്രിക്കന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ടാലന്റ് ഷോയ്ക്ക് ജാക്ക് മാ നേതൃത്വം നല്‍കിയത്. ഇതില്‍ പങ്കെടുക്കാതിരുന്നതോടെയാണ് ഇദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ കൂടുതലായി പ്രചരിക്കാന്‍ തുടങ്ങിയത്.

ആലിബാബയുടെ ജഡ്ജിങ് പാനലില്‍ ജാക്ക് മാ അംഗമായിരുന്നു. നവംബറില്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്.കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് അദ്ദേഹത്തിന്റെ ചിത്രം മാറ്റിയിട്ടുണ്ട്. 

ഒക്ടോബറില്‍ ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ജാക്ക് മാ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ചൈനയിലെ നിയന്ത്രണ സംവിധാനം നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നത് . ഇതിനെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നതായിരുന്നു വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com