മൂന്നര വര്‍ഷത്തിന് ശേഷം സൗദി-ഖത്തര്‍ അതിര്‍ത്തി തുറന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 06:53 AM |
Last Updated: 05th January 2021 07:41 AM | A+A A- |

സൗദി അറേബ്യന്‍ പതാക/ഫയല്‍ചിത്രം
റിയാദ്: മൂന്നര വർഷത്തെ ഭിന്നതകൾക്കൊടുവിൽ സൗദി-ഖത്തർ അതിർത്തി തുറന്നു. ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകൾ തുറക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. കുവൈത്ത് വിദേശകാര്യമന്ത്രി അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ജിസിസി ഉച്ചകോടി സൗദി അറേബ്യയിൽ ചേരാനിരിക്കെയാണ് നിർണായക തീരുമാനം. 2017 ജൂണിലാണ് സൗദി ഖത്തറിന് മേൽ ഉപരോധം പ്രഖ്യാപിക്കുന്നത്. തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ ഈജിപ്ത്, സൗദി, ബഹ്‌റൈൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് ശേഷം അതിർത്തി തുറക്കുന്നത് ആദ്യം.
ഖത്തറിന് മേലുള്ള ഉപരോധം പിൻവലിക്കുന്നതിന്റെ ഭാഗമായിട്ടാണ് അതിർത്തി തുറന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ ഗൾഫ് ഉച്ചകോടിക്ക് ചൊവ്വാഴ്ച സൗദി അറേബ്യയിലെ അൽ ഉലയിൽ തുടക്കമാകും. വീഡിയോ കോൺഫറൻസ് വഴിയായിരിക്കും ഉച്ചകോടി. 41-ാമത് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻഹമദ് അൽത്താനിക്കുൾപ്പെടെ എല്ലാ രാഷ്ട്രത്തലവന്മാർക്കും സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണക്കത്ത് അയച്ചിരുന്നു.