'ജനാധിപത്യത്തെ കളങ്കപ്പെടുത്തി' ; ട്രംപിനെ ഉടന്‍ പുറത്താക്കണം ; ആവശ്യവുമായി കോണ്‍ഗ്രസ് അംഗങ്ങള്‍

ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയെന്ന് അംഗങ്ങള്‍ ആരോപിച്ചു
ഡൊണാള്‍ഡ് ട്രംപ്/ഫയല്‍ ചിത്രം
ഡൊണാള്‍ഡ് ട്രംപ്/ഫയല്‍ ചിത്രം

വാഷിങ്ടണ്‍ : യു എസ് ക്യാപിറ്റോളിലുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ഉടന്‍ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍. ക്യാപിറ്റോളിനെ ആക്രമിക്കാന്‍ അനുയായികളെ പ്രേരിപ്പിച്ച ട്രംപ് അമേരിക്കന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയെന്ന് അംഗങ്ങള്‍ ആരോപിച്ചു. ഇലക്ടറല്‍ കോളജിലെ തീരുമാനം അംഗീകരിക്കുന്നതിനാണ് കോണ്‍ഗ്രസ് ചേര്‍ന്നത്. എന്നാല്‍ പ്രസിഡന്റ് ട്രംപ് ഇത് പ്രതിരോധിക്കുകയും ജനാധിപത്യത്തെ തടസ്സപ്പെടുത്തുകയുമാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് അംഗം സ്റ്റീവന്‍ ഹോസ്‌ഫോര്‍ഡ് ആരോപിച്ചു. 

1812 ന് ശേഷം ഇതാദ്യമായാണ് യു എസ് ക്യാപിറ്റോളിന് നേര്‍ക്ക് ആക്രമണം ഉണ്ടാകുന്നത്. വാഷിങ്ടണിലുണ്ടായ കലാപം ജനാധിപത്യ മൂല്യങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണ്. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് പദവിയില്‍ നിന്നും ഡോണള്‍ഡ് ട്രംപിനെ ഉടന്‍ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോസ്‌ഫോര്‍ഡിന്റെ ആവശ്യത്തെ നിരവധി കോണ്‍ഗ്രസ് അംഗങ്ങള്‍ അനുകൂലിച്ചു. 

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗം ഏള്‍ ബ്ലമനോര്‍ ആവശ്യപ്പെട്ടു. ഭരണഘടനയുടെ 25-ാം ഭേദഗതി അനുസരിച്ച് ട്രംപിനെ ഉടന്‍ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും നീക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും യുഎസ് ക്യാബിനറ്റും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും, വര്‍ഷങ്ങളായി അമേരിക്കന്‍ ജനാധിപത്യം തകര്‍ക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ട്രംപിന്റെ ക്രിമിനല്‍ സംഘവും നടത്തുന്ന നീക്കത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് അംഗമായ ഇല്‍ഹാന്‍ ഒമര്‍ അഭിപ്രായപ്പെട്ടു. 

എല്ലാ നേതാക്കളും ഈ അട്ടിമറി നീക്കത്തെ അപലപിക്കണം. രാജ്യദ്രോഹക്കുറ്റം ചുമത്തി പ്രസിഡന്റിനെ ഉടന്‍ ഇംപീച്ച് ചെയ്യാന്‍ നടപടി വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ട്രംപിനെ ഉടന്‍ പുറത്താക്കുകയും 2020 ലെപ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഉടന്‍ അംഗീകാരം നല്‍കുകയും ചെയ്യണമെന്ന് കോണ്‍ഗ്രസ് അംഗം ജിമ്മി ഗോമസ് പറഞ്ഞു. ട്രംപ് രാജ്യത്തെ നയിക്കാന്‍ ഇനി യോഗ്യനല്ലെന്ന് കോണ്‍ഗ്രസ് അംഗം കാത്തി മാനിംഗും അഭിപ്രായപ്പെട്ടു. 

അമേരിക്കന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ഡൊണള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ പാര്‍ലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. 

അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍  നടത്തിയ തേര്‍വാഴ്ചയെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മരിച്ചവര്‍ ട്രംപ് അനുകൂലികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പാര്‍ലമെന്റ് വളപ്പില്‍ നിന്നും രണ്ട് പൈപ്പ് ബോംബുകള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വാഷിങ്ടണില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി. പാർലമെന്റിൽ സുരക്ഷാ സേനയെ വിന്യസിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com