വാഷിങ്ടണ്‍ കലാപത്തില്‍ മരണം അഞ്ചായി ; ക്യാപിറ്റോള്‍ അക്രമം അതിഹീനം, ഭരണമാറ്റം സുഗമമാക്കുമെന്ന് ട്രംപ്

തന്നെ പിന്തുണയ്ക്കുന്നവര്‍ ദുഃഖത്തിലാണെന്ന് അറിയാം. മഹത്തായ യാത്രയുടെ തുടക്കമാണിതെന്നും ട്രംപ്
ഡോണള്‍ഡ് ട്രംപ് / എഎന്‍ഐ ചിത്രം
ഡോണള്‍ഡ് ട്രംപ് / എഎന്‍ഐ ചിത്രം

വാഷിങ്ടണ്‍ : അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ തേര്‍വാഴ്ചയെ തുടര്‍ന്നുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു പൊലീസുകാരനാണ് ഒടുവില്‍ മരിച്ചത്.  കഴിഞ്ഞ ദിവസം ഒരു സ്ത്രീ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. 

അതിനിടെ ക്യാപിറ്റോള്‍ അക്രമത്തെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചു. ക്യാപിറ്റോള്‍ അക്രമം അതിഹീനമാണെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. അക്രമം ഉണ്ടായ ഉടനെ അക്രമികളെ പുറത്താക്കാന്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചു. അക്രമം നടത്തിയവര്‍ അമേരിക്കയെ പ്രതിനിധീകരിക്കുന്നവര്‍ അല്ല. നിയമപരമായാണ് താന്‍ മുന്നോട്ടുപോയത്. അമേരിക്ക എപ്പോഴും നിയമവാഴ്ചയ്ക്ക് പ്രാധാന്യം നല്‍കുന്ന രാജ്യമാണെന്നും ട്രംപ് പറഞ്ഞു.

കോണ്‍ഗ്രസ് അംഗീകരിച്ച ജോ ബൈഡന്റെ വിജയത്തെ ട്രംപും അംഗീകരിച്ചു. ജനുവരി 20 ന് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ ജനാധിപത്യത്തെ സംരക്ഷിക്കാനാണ് താന്‍ ശ്രമിച്ചത്. അമേരിക്കയെ പിന്തുണയ്ക്കുന്നവര്‍ ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്. തന്നെ പിന്തുണയ്ക്കുന്നവര്‍ ദുഃഖത്തിലാണെന്ന് അറിയാം. മഹത്തായ യാത്രയുടെ തുടക്കമാണിതെന്നും ട്രംപ് പറഞ്ഞു. 

അതിനിടെ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപിറ്റോള്‍ പൊലീസ് മേധാവി സ്റ്റീവന്‍ സണ്ട് രാജിവെച്ചു. രാജി ജനുവരി 16 ന് പ്രാബല്യത്തില്‍ വരും. ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഉടന്‍ പുറത്താക്കാനും നീക്കമുണ്ട്. 25-ാം ഭരണഘടന ഭേദഗതി പ്രകാരമാണ് നീക്കം. ഏതാനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com