'ഫേയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും ഉപയോ​ഗിക്കേണ്ട'; ട്രംപിന് അനിശ്ചിതകാല വിലക്കുമായി സക്കർബർ​ഗ്

ഫേയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും ട്രംപ് ഉപയോ​ഗിക്കുന്നത് അപകടസാധ്യത കൂട്ടുമെന്നും അതിനാൽ അനിശ്ചിതകാലത്തേക്ക് വിലക്ക് നീട്ടുന്നതായും അദ്ദേഹം കുറിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വാഷിങ്ടൺ; അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് അനിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തി ഫേയ്സ്ബുക്ക്. സിഇഒ മാർക്ക് സക്കർബർ​ഗാണ് ഇതു സംബന്ധിച്ച് കുറിപ്പ് പുറത്തിറക്കിയത്. അമേരിക്കയിലെ പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ടാണ് നടപടി. ഫേയ്സ്ബുക്കും ഇൻസ്റ്റ​ഗ്രാമും ട്രംപ് ഉപയോ​ഗിക്കുന്നത് അപകടസാധ്യത കൂട്ടുമെന്നും അതിനാൽ അനിശ്ചിതകാലത്തേക്ക് വിലക്ക് നീട്ടുന്നതായും അദ്ദേഹം കുറിച്ചു. 

 പ്രസിഡന്റിന്റെ അധികാര കൈമാറ്റം പൂർണമാകുന്നതുവരെയെങ്കിലും ഇത് തുടരുമെന്നാണ് സക്കര്‍ബർഗിന്റെ ഫേയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നത്. 'ഈ സമയത്ത് പ്രസിഡന്റിന് ഞങ്ങളുടെ സേവനം തുടർന്നും ലഭ്യമാക്കുന്നതിന്റെ അപകടസാധ്യത വളരെ വലുതാണെന്ന് ഞങ്ങൾ വിചാരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം അനിശ്ചിതമായോ, അല്ലെങ്കിൽ അധികാര കൈമാറ്റം നടക്കുംവരെ രണ്ടാഴ്ചത്തേക്കെങ്കിലുമോ നീട്ടുകയാണ്'- സക്കർബർ​ഗ് കുറിച്ചു. 

ട്രംപിന്റെ സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കൂടുതൽ അക്രമങ്ങൾക്ക് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്റെ പോസ്റ്റുകൾ കഴിഞ്ഞ ദിവസംതന്നെ നീക്കംചെയ്തത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരേ രൂക്ഷമായ കലാപം അഴിച്ചുവിടുന്നതിന് പ്രേരിപ്പിക്കുന്നതിന് തങ്ങളുടെ പ്ലാറ്റ്ഫോം ഉപയോ​ഗിക്കുകയാണ്. അതിനാലാണ് നടപടിയെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ട്രംപ് അനുകൂലികള്‍ നത്തിയ കലാപത്തിലും ഇതിനെതിരെ നടന്ന പൊലീസ് വെടിവെയ്പ്പിലും നാല് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പാര്‍ലമെന്റ് മന്ദിരമായ ക്യാപിറ്റോള്‍ ഹൗസിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുകൂലികളില്‍ നിന്ന് രക്ഷപ്പെടാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ടണല്‍ മാര്‍ഗം പുറത്തുകടക്കുകയായിരുന്നു. ജനുവരി 20ന് ബൈഡനും കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com