'അവരെ ഒട്ടും വിശ്വസിക്കുന്നില്ല'- അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള കോവിഡ് വാക്സിനുകൾ ഇറാനിൽ വേണ്ട; വിലക്കുമായി ആയത്തുള്ള ഖൊമേനി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 07:34 PM |
Last Updated: 08th January 2021 07:34 PM | A+A A- |
പ്രതീകാത്മക ചിത്രം
ടെഹ്റാൻ: അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള കോവിഡ് വാക്സിനുകൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി. ഇരു രാജ്യങ്ങളിൽ നിന്നുള്ള വാക്സിനുകൾ വിലക്കപ്പെട്ടവയാണ്. ഇരു രാജ്യങ്ങളെയും തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കവെ വ്യക്തമാക്കി. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയായിരുന്നു ഖൊമേനി ഈ അഭിപ്രായം പറഞ്ഞത്.
'ഞാൻ അവരെ ഒട്ടും വിശ്വസിക്കുന്നില്ല. ചിലപ്പോൾ അവർ അവരുടെ വാക്സിൻ മറ്റു രാജ്യങ്ങളിൽ പരീക്ഷിക്കുകയായിരിക്കും. ഫ്രാൻസിനെക്കുറിച്ചും എനിക്ക് ഒട്ടും ശുഭ പ്രതീക്ഷയില്ല. സുരക്ഷിതമായ മറ്റു സ്ഥലങ്ങളിൽ നിന്ന് വാക്സിൻ ഇറക്കുമതി ചെയ്യുന്നതിന് എതിരല്ല'- ഖൊമേനി പറഞ്ഞു. കൂടാതെ ഇറാന്റെ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനിലെ ഒരു വിഭാഗം നേരത്തെ മുതൽ അമേരിക്കയിൽ നിന്നുള്ള വാക്സിൻ ഇറക്കുമതിയെ എതിർക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഒരു വാക്സിനും ഇറാനിൽ വിതരണം ചെയ്യരുതെന്ന് റവല്യൂഷണറി ഗാർഡ് ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു.