സൽമാൻ രാജാവ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് കുത്തിവെപ്പെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th January 2021 08:59 AM |
Last Updated: 09th January 2021 08:59 AM | A+A A- |

ഫയല്‍ ചിത്രം
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് കോവിഡ് വാക്സിന്റെ ആദ്യ കുത്തിവെപ്പെടുത്തു. രാജ്യത്ത് മുന്ന് ഘട്ടമായി നടക്കുന്ന കുത്തിവെപ്പ് ആരംഭിച്ചിട്ട് മൂന്നാഴ്ച്ച പിന്നിടുമ്പോഴാണ് 85കാരനായ അദ്ദേഹം കുത്തിവെപ്പെടുത്തത്. വെള്ളിയാഴ്ച രാത്രി നിയോം നഗരത്തിൽ വെച്ചാണ് സൽമാൻ രാജാവ് ആദ്യ ഡോസ് സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയും ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു.
മൂന്ന് ഘട്ടമായി നടക്കുന്ന വാക്‌സിൻ വിതരണത്തിൽ ആദ്യം മരുന്ന് ലഭിക്കുന്നത് 65ന് മുകളിൽ പ്രായമുള്ളവർക്കും ഗുരുതര രോഗങ്ങൾ ഉള്ളവർക്കും വൈറസ് പിടിപെടാൻ സാധ്യത കൂടുതൽ ഉള്ളവർക്കുമാണ്. രണ്ടാം ഘട്ടത്തിൽ 50ന് മുകളിൽ പ്രായമുള്ളവർക്കാണ് പരിഗണന. അവസാന ഘട്ടത്തിൽ രാജ്യത്തെ എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. സൗദി പൗരൻമാർക്കും വിദേശികൾക്കും കോവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് നേരത്തെതന്നെ ആരോഗമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഏതാനും ദിവസം മുമ്പാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും കുത്തിവെപ്പെടുത്തത്. ഇതേ തുടർന്ന് വാക്സിനേഷനുള്ള രജിസ്ട്രേഷനിൽ വൻവർധനവുമുണ്ടായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.