കടലിൽ തകർന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; യാത്രക്കാരുടെ ശരീര ഭാ​ഗങ്ങളും 

കടലിൽ തകർന്നു വീണ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; യാത്രക്കാരുടെ ശരീര ഭാ​ഗങ്ങളും 
തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ മാറ്റുന്ന സൈനികരും രക്ഷാപ്രവർത്തകരും/ ഫോട്ടോ: പിടിഐ
തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ മാറ്റുന്ന സൈനികരും രക്ഷാപ്രവർത്തകരും/ ഫോട്ടോ: പിടിഐ

ജക്കാർത്ത: ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന ഉടനെ കടലിൽ തകർന്നു വീണ ബോയിങ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. യാത്രക്കാരുടെ ശരീര ഭാഗങ്ങളും വസ്ത്രത്തിന്റെ ഭാഗങ്ങളും വിമാനത്തിന്റെ അവശിഷ്ടങ്ങളുമാണ് ജാവ കടലിൽ നിന്ന് ഇന്ന് പുലർച്ചെ കണ്ടെത്തിയത്. 

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.36ന് ജക്കാർത്തയിൽനിന്ന് വെസ്റ്റ് കാളിമന്തനിലേക്ക് പുറപ്പെട്ട ശ്രീവിജയ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് ടേക്ക് ഓഫിനു തൊട്ടു പിന്നാലെ റഡാറിൽനിന്ന് അപ്രത്യക്ഷമായത്. ജക്കാർത്തയിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് തകർന്നു വീഴുകയുമായിരുന്നു.

വിമാനം കിടക്കുന്നതിന്റെ കൃത്യമായ സ്ഥലം കണ്ടെത്തിയിട്ടില്ല. കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് ഇന്തൊനേഷ്യൻ ഗതാഗത മന്ത്രി ബുഡി കാര്യ സുമധി അറിയിച്ചു. ലാൻകാങ്, ലാകി ദ്വീപുകൾക്കിടയിൽ നിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. 

അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ശനിയാഴ്ച പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് രണ്ടരയോടു കൂടി ജക്കാർത്തയുടെ വടക്കൻ തീരത്തെ ദ്വീപുകളിലുള്ള മത്സ്യത്തൊഴിലാളികൾ ഒരു സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു. കനത്ത മഴയായതിനാൽ എന്താണ് സംഭവിച്ചതെന്ന് മത്സ്യത്തൊഴിലാളികൾക്കു മനസിലായില്ല. വെള്ളം ഉയർന്നുപൊങ്ങുന്നതു കണ്ടു. എന്നാൽ സൂനാമിയോ ബോംബ് വീണതോ ആകാമെന്ന നിഗമനത്തിലായിരുന്നു അവരെന്നും രാജ്യാന്തര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. വിമാനത്തിൽ നിന്നുള്ള അവശിഷ്ടങ്ങളും ഇന്ധനവും ബോട്ടിനു ചുറ്റും അടിഞ്ഞുകൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു. 

26 വർഷം പഴക്കമുള്ള വിമാനമാണ് തകർന്നു വീണതെന്ന് ശ്രീവിജയ എയർ പ്രസിഡന്റ് ഡയറക്ടർ ജെഫേഴ്സൻ പറഞ്ഞു. നേരത്തേ, യുഎസിൽ ഉപയോഗിച്ചുകൊണ്ടിരുന്ന വിമാനമാണ് ഇതെന്നും ഇപ്പോഴും പറക്കലിന് യോഗ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്നേ ദിവസം തന്നെ പോൺടിയാനക്കിലേക്കും പാങ്കൽ പിനാങ് നഗരത്തിലേക്കും വിമാനം പറന്നിരുന്നു. 

ഒരു മണിക്കൂർ വൈകി 2.36നാണ് വിമാനം പറന്നുയരുന്നത്. നാല് മിനിറ്റ് കഴിഞ്ഞപ്പോൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. അവസാനം എയർ ട്രാഫിക് കൺട്രോളിലേക്ക് പൈലറ്റ് നൽകിയ വിവരം അനുസരിച്ച് വിമാനം 29,000 അടി മുകളിലാണ് പറന്നിരുന്നത്. 

അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലും തുറമുഖത്തും രണ്ട് ക്രൈസിസ് സെന്ററുകൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. തകർന്നുവീണ വിമാനത്തിലെ യാത്രക്കാരുടെ ബന്ധുക്കൾ രണ്ട് കേന്ദ്രത്തിലും എത്തിച്ചേർന്നിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി പത്ത് കപ്പലുകൾ നിയോഗിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com