വീണ്ടും 'ശീതച്ചുഴലി', തണുത്തുറഞ്ഞ് അമേരിക്കയും യൂറോപ്പും; ഏഷ്യന്‍ രാജ്യങ്ങളും അതിശൈത്യത്തിന്റെ പിടിയില്‍

വടക്കന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏഷ്യയിലെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്ന ഉത്തരാര്‍ദ്ധ ഗോളം കഠിനമായ ശൈത്യത്തിന്റെ പിടിയിലേക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്:  വടക്കന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏഷ്യയിലെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്ന ഉത്തരാര്‍ദ്ധ ഗോളം കഠിനമായ ശൈത്യത്തിന്റെ പിടിയിലേക്ക്. ധ്രുവപ്രദേശങ്ങളില്‍ നിന്നുള്ള ശീത ചുഴലിക്കാറ്റാണ് ഭീഷണി സൃഷ്ടിക്കുന്നത്. 2024ല്‍ വടക്കന്‍ അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയെ പിടിച്ചുകുലുക്കിയ അതിശൈത്യത്തിന് സമാനമായ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അന്ന് ചിക്കാഗോയില്‍ മൈനസ് 16 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.

സാധാരണയായി ആര്‍ട്ടിക് പ്രദേശങ്ങളില്‍ നിന്ന് ശീതക്കാറ്റ് വീശാറുണ്ട്. 2019-20 സീസണില്‍ ശൈത്യം വടക്കന്‍ ധ്രുവപ്രദേശങ്ങളെ ചുറ്റിപ്പറ്റിയാണ് നിന്നിരുന്നത്. എന്നാല്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വടക്കന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏഷ്യയുടെ ഏറിയ ഭാഗവും ഉള്‍പ്പെടുന്ന ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഇത്തവണ അതിശൈത്യം അനുഭവപ്പെടുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ജനുവരി അവസാനത്തോടെ ഇത് അനുഭവപ്പെട്ട് തുടങ്ങുമെന്നാണ് പ്രവചനം. അതിശൈത്യവും മഞ്ഞുവീഴ്ചയും അനുഭവപ്പെടുമെന്ന് കാലാവസ്ഥ വിദഗ്ധന്‍ ടോഡ് ക്രോഫോര്‍ഡ് മുന്നറിയിപ്പ് നല്‍കി.

2014ല്‍ വടക്കന്‍ അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വീശിയടിച്ച ശീതക്കാറ്റ് മാരകമായിരുന്നു. സമാനമായ സാഹചര്യം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടല്‍. അന്ന് ദക്ഷിണാര്‍ദ്ധ ഗോളത്തെ പോലും ബാധിച്ചിരുന്നു. ദക്ഷിണാര്‍ദ്ധ ഗോളത്തിലും ധ്രുവപ്രദേശങ്ങളിലെ കാറ്റ് വീശി. എങ്കിലും ഇത്തവണ ശൈത്യക്കാലം കഠിനം തന്നെയായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. 

നിലവില്‍ പശ്ചിമ യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍ അതിശൈത്യം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. പാരീസില്‍ ശരാശരിയേക്കാള്‍ 3.5 ഡിഗ്രി താഴെയാണ് അന്തരീക്ഷ ഊഷ്മാവ്. മാഡ്രിഡ്,ബീജിങ് എന്നിവിടങ്ങളിലും അന്തരീക്ഷ ഊഷ്മാവ് ശരാശരിയേക്കാള്‍ താഴെയാണ്. ബീജിംഗില്‍ മൈനസ് 9 ഡിഗ്രിയാണ് താപനില. ഏഴുവര്‍ഷം മുന്‍പ് ഉണ്ടായ ശീത ചുഴലിക്കാറ്റ് ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. പുറത്തിറങ്ങാന്‍ പോലും സാധിച്ചിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com