ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കം; പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 07:24 AM |
Last Updated: 12th January 2021 07:24 AM | A+A A- |

ഫയല്‍ ചിത്രം
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കമായി. 25-ാം ഭേദഗതി ഉപയോഗിച്ച് ട്രംപിനെ നീക്കം ചെയ്യാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് ആവശ്യപ്പെടുന്ന പ്രമേയം സഭയിൽ ചർച്ചയ്ക്കു വെച്ചെങ്കിലും റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികൾ ശബ്ദ വോട്ടോടെ തീരുമാനം തള്ളി. പ്രമേയത്തിൽ ചൊവ്വാഴ്ച വോട്ടെടുപ്പിലൂടെ തീരുമാനമെടുക്കും.
കാപ്പിറ്റോൾ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ട്രംപിന് പങ്കുണ്ടെന്ന ആരോപണം ഉൾപ്പെടുന്ന പ്രമേയം തിങ്കളാഴ്ച യുഎസ് ജനപ്രതിനിധിസഭയിൽ അവതരിപ്പിച്ചു. അക്രമത്തിനു തൊട്ടുമുമ്പ് അനുയായികളുടെ റാലിയെ അഭിസംബോധന ചെയ്ത ട്രംപ് നിയമവിരുദ്ധ നടപടികൾക്ക് ആഹ്വാനം ചെയ്തതായി പ്രമേയത്തിൽ ആരോപിക്കുന്നു.
പ്രമേയം പാസായാൽ തീരുമാനമെടുക്കാൻ പെൻസിന് 24 മണിക്കൂർ സമയം നൽകുമെന്ന് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി വ്യക്തമാക്കി. പെൻസ് ഇതിനു തയ്യാറായില്ലെങ്കിൽ ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുമെന്നും അവർ വ്യക്തമാക്കി.
പ്രസിഡന്റിന് തന്റെ ചുമതലകൾ തുടരാൻ സാധിക്കാതെ വരുന്ന സാഹചര്യത്തിൽ വൈസ് പ്രസിഡന്റിന് ആക്ടിങ് പ്രസിഡന്റിന്റെ അധികാരം നൽകുന്നതാണ് അമേരിക്കൻ ഭരണഘടനയിലെ 25-ാം ഭേദഗതി. ഭേദഗതിയുടെ നാലാം പരിച്ഛേദപ്രകാരം പ്രസിഡന്റിന് ശാരീരിക, മാനസിക രോഗങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഭരണ നിർവഹണത്തിന് തടസം നേരിട്ടാൽ ഭേദഗതി ഉപയോഗിക്കാം.
വൈസ് പ്രസിഡന്റെ മന്ത്രിസഭയിലെ ഭൂരിഭാഗവും ഒപ്പിട്ട കത്ത്, ജനപ്രതിനിധിസഭാ സ്പീക്കർക്കും സെനറ്റിലെ അധ്യക്ഷനും കൈമാറും. കത്തിൽ പ്രസിഡന്റിന് അഭിപ്രായം അറിയിക്കാം. പ്രസിഡന്റ് എതിർക്കുന്ന പക്ഷം, കോൺഗ്രസിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ പ്രസിഡന്റിന് അധികാരം നഷ്ടമാകും.