ട്രംപിന് യൂട്യൂബിലും പൂട്ടുവീണു; കലാപാഹ്വാനം നടത്തിയ ചാനലിന് നിരോധനം 

നിരോധനത്തിന് പിന്നാലെ ട്രംപിന്റെ വിഡിയോകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ വിലക്കാനും സാധ്യതയുണ്ട്
ഡോണള്‍ഡ് ട്രംപ്/ഫയല്‍ ചിത്രം
ഡോണള്‍ഡ് ട്രംപ്/ഫയല്‍ ചിത്രം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചാനല്‍ നിരോധിച്ച് യൂട്യൂബ്. യൂട്യൂബ് നയങ്ങള്‍ക്ക് വിരുദ്ധമായ ഉള്ളടക്കം ട്രംപിന്റെ ചാനലില്‍ വന്നതാണ് സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണം. ട്രംപിന്റെ ചാനലിലൂടെ അടുത്തിടെ പുറത്തുവിട്ട വിഡിയോകള്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് യുട്യൂബ് പ്രതികരിച്ചു. 

ഒരാഴ്ചത്തേക്കോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ ആയിരിക്കും നിരോധനം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ട്രംപിനെതിരെ നടപടി എടുക്കാന്‍ കാരണമായ വിഡിയോ ഏതെന്ന് പുറത്തുവിട്ടിട്ടില്ല. സസ്‌പെന്‍ഷന്‍ കാലവധിക്ക് ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

കാപിറ്റോള്‍ അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ട്രംപിനെതിരെ നടപടി കൈക്കൊള്ളാതിരുന്ന ഏക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായിരുന്നു യൂട്യൂബ്. ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ട്രംപിന്റെ അക്കൗണ്ട് നിരോധിച്ചിട്ടുണ്ട്. നിലവിലെ സസ്‌പെന്‍ഷന്‍ കുറഞ്ഞത് ഏഴ് ദിവസത്തേക്കാണെന്നും ഈ കാലയളവില്‍ വിഡിയോകളോ ലൈവോ ഒന്നും ചാനലിലൂടെ ചെയ്യാനാകില്ലെന്നും യൂട്യൂബ് അധികൃതര്‍ അറിയിച്ചു. 

നിരോധനത്തിന് പിന്നാലെ ട്രംപിന്റെ വിഡിയോകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ വിലക്കാനും സാധ്യതയുണ്ട്. സസ്‌പെന്‍ഷന്‍ തുടരാനാണ് തീരുമാനമെങ്കില്‍ അടുത്ത ഘട്ടത്തില്‍ രണ്ടാഴ്ചത്തേക്കായിരിക്കും നിരോധനമുണ്ടാകുക. ഇതിന് പിന്നാലെ സ്ഥിരമായി ചാനല്‍ പൂട്ടിക്കാനും സാധ്യതയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com