ചൈനയില്‍ അതി തീവ്ര വൈറസ് പടരുന്നു ; എട്ടു മാസത്തിനിടെ ആദ്യ മരണം ; വടക്കന്‍ പ്രവിശ്യകളില്‍ ലോക്ക്ഡൗണ്‍ ; ഹെയ്‌ലോങ്ജിയാങില്‍ അടിയന്തരാവസ്ഥ

കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് പരിശോധന ഇരട്ടിയാക്കുകയും, യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബീജിങ്ങ് : ജനിതക വ്യതിയാനം സംഭവിച്ച അതി തീവ്ര വൈറസ് ചൈനയില്‍ വ്യാപിക്കുന്നു. അതി തീവ്ര വൈറസ് ബാധിച്ച് രാജ്യത്ത് ഒരു മരണം റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ എട്ടു മാസത്തിനിടെ ചൈനയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ കോവിഡ് മരണമാണിത്. 

138 പേര്‍ കോവിഡ് ബാധിതരാണെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യാഴാഴ്ച വ്യക്തമാക്കി. 2020 മാര്‍ച്ചിന് ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഉയര്‍ന്ന നിരക്കാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യത്ത് പരിശോധന ഇരട്ടിയാക്കുകയും, യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

പുതിയ കോവിഡ് രോഗബാധയുടെ ഉറവിടമായ ഹെബെയ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിജിയാസുവാങ് കേന്ദ്രമാക്കിയാണ് പരിശോധന ശക്തമാക്കിയത്. മേഖലയിലെ സ്‌കൂളുകള്‍, ഷോപ്പുകള്‍ തുടങ്ങിയവയിലെല്ലാം കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിലെ വടക്കന്‍ മേഖലയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

ഹെബെയ് പ്രവിശ്യയിലെ പ്രധാന നഗരങ്ങളെല്ലാം ലോക്ക്ഡൗണിലാണ്. സമീപ പ്രവിശ്യയായ സിംഗ്ടായിയിലും അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെയ്‌ലോങ്ജിയാങില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുകയാണ്. 

അതിനിടെ ഇന്ത്യയില്‍ ബ്രിട്ടനില്‍ നിന്നുള്ള ജനിതക വകഭേദം വന്ന അതി തീവ്ര കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 109 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഇത് 102 ആയിരുന്നു. രോഗബാധ സ്ഥിരീകരിച്ചവരെ ഐസൊലേഷനിലാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com