'സെക്കന്റ് ജന്റിൽമാൻ'; ആദ്യ ഉടമ കമല ഹാരിസിന്റെ ഭർത്താവ്, പ്രതികരിച്ച് ഡഗ്ലസ് എംഹോഫ്  

അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റാണ് കമല ഹാരിസ്
ഡഗ്ലസ് എംഹോഫ്, കമല ഹാരിസ്/ചിത്രം: ഫേസ്ബുക്ക്
ഡഗ്ലസ് എംഹോഫ്, കമല ഹാരിസ്/ചിത്രം: ഫേസ്ബുക്ക്

'സെക്കന്റ് ജന്റിൽമാൻ' എന്ന ട്വിറ്റർ ഹാൻഡിലിന്റെ ആദ്യ ഉടമയായി കമല ഹാരിസിന്റെ ഭർത്താവ് ഡഗ്ലസ് എംഹോഫ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത കടന്നു വരുന്നതോടെയാണ് ഭർത്താവിന് സെക്കന്റ് ലേഡി എന്നതിന് സമാനമായ സ്ഥാനം ലഭിച്ചിരിക്കുന്നത്. അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. 

അമേരിക്കൻ ഭരണാധികാരികൾക്ക് ഔദ്യോഗിക ആവശ്യങ്ങൾക്കായി ട്വിറ്റർ സ്ഥിരം ഹാൻഡിൽ നൽകാറുണ്ട്. ഓരോരുത്തരും സ്ഥാനമൊഴിയുമ്പോൾ ആ അക്കൗണ്ടുകൾ അടുത്തയാൾക്ക് കൈമാറുന്നതാണ് പതിവ്. @SecondGentleman എന്ന ട്വിറ്റർ ഹാൻഡിലിന്റെ ആദ്യ ഉടമയാണ് ഡഗ്ലസ് എംഹോഫ്. അമേരിക്കയുടെ ആദ്യ സെക്കന്റ് ജെന്റിൽമാൻ ആവുന്നതിൽ വിനീതനാണെന്നും താൻ അവിശ്വസനീയമാം വിധം ആദരിക്കപ്പെട്ടിരിക്കുകയാണെന്നും ഡഗ്ലസ് എംഹോഫ് ട്വിറ്ററിൽ കുറിച്ചു. 

ആദ്യ ഇന്ത്യൻ-അമേരിക്കൻ, കറുത്ത വർഗ്ഗക്കാരിയായ ആദ്യ വൈസ് പ്രസിഡന്റ് എന്നിങ്ങനെ നീളുന്നതാണ് കമല ഹാരിസിന്റെ നേട്ടങ്ങൾ. ഇക്കാലമത്രയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ പുരുഷന്മാരായിരുന്നതിനാൻ അവരുടെ ഭാര്യമാരെ യഥാക്രമം ഫസ്റ്റ് ലേഡി, സെക്കന്റ് ലേഡി എന്നിങ്ങനെയാണ് വിളിച്ചിരുന്നത്. 

വൈസ് പ്രസിഡന്റിന് @VP എന്ന ട്വിറ്റർ ഹാൻഡിലാണ് ലഭിക്കുക. നിലവിൽ ഇത് മൈക്ക് പെൻസിന്റെ കൈവശമാണ്. അധികാരമൊഴിയുന്നതോടെ @VP എന്നത് കമല ഹാരിസിന് ലഭിക്കും. @POTUS എന്ന അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ ഇപ്പോൾ ട്രംപിന്റെ കൈവശമാണ്. @PresElectBiden എന്ന പേരിലുള്ള അക്കൗണ്ട് ആണ് ജോ ബൈഡൻ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. ജനുവരി 20 സ്ഥാനമേൽക്കുന്നത് മുതൽ @POTUS ജോ ബൈഡന് ലഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com