ജര്‍മ്മനിയില്‍ കനത്ത മഴ; 20 പേര്‍ മരിച്ചു; നിരവധി പേരെ കാണാനില്ല

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജര്‍മനിയില്‍ വ്യാപക നാശനഷ്ടം.
ജര്‍മ്മനിയിലെ പ്രളയം
ജര്‍മ്മനിയിലെ പ്രളയം

ബെര്‍ലിന്‍: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജര്‍മനിയില്‍ വ്യാപക നാശനഷ്ടം. 20 പേര്‍ മരിച്ചതായും നിരവധിപേരെ കാണാതാവുകയും ചെയ്തതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. വെള്ളപ്പൊക്കത്തില്‍പ്പെട്ട് കാറുകള്‍ ഒഴുകിപ്പോവുകയും കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വീടുകള്‍ വെള്ളത്തിനടിയിലാണ്.

പടിഞ്ഞാറന്‍ പ്രവിശ്യയായ യൂസ്‌കിര്‍ഷെനില്‍ മാത്രം എട്ട് പേര്‍ മരിച്ചു. കോബ്ലെന്‍സ് നഗരത്തില്‍ നാല് പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന രണ്ട് ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രക്ഷ തേടി വീടുകളുടെ ടെറസില്‍ അഭയം പ്രാപിച്ച അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുകയാണ്. 

റൈന്‍ സീഗ് പ്രവിശ്യയിലെ സ്‌റ്റെയിന്‍ബാഷല്‍ അണക്കെട്ട് തകരാനുള്ള സാധ്യത കണക്കിലെടുത്ത് സമീപ ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു.  പ്രളയത്തിലും മണ്ണിടിച്ചിലിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായതിനാല്‍ മരണസംഖ്യ ഉള്‍പ്പെടെയുള്ള നാശനഷ്ടം ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ പറയുന്നു. 

രണ്ട് ദിവസമായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും മധ്യ ജര്‍മനിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ഇന്നുകൂടി മഴ തുടരുമെന്നാണ് ജര്‍മന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com