അതി ഭീകരം! തീ വിഴുങ്ങിയത് രണ്ട് ലക്ഷം ഏക്കർ കാട്; സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ പുറത്ത് (വീഡിയോ)

അതി ഭീകരം! തീ വിഴുങ്ങിയത് രണ്ട് ലക്ഷം ഏക്കർ കാട്; സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ പുറത്ത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

മേരിക്കയിൽ പടരുന്ന കാട്ടുതീയുടെ സാറ്റ്‌ലെറ്റ് ദൃശ്യങ്ങൾ പുറത്ത്. കൊടുംചൂടും ഉഷ്ണതരംഗവും മൂലം യുഎസിലെ തെക്കൻ ഒറിഗണിൽ പടർന്നു പിടിച്ച കാട്ടുതീയുടെ ഭീകരമുഖം വെളിവാക്കുന്ന ദൃശ്യങ്ങളാണ് സാറ്റ്‌ലെറ്റ് പകർത്തിയിരിക്കുന്നത്. അരിസോണ, വടക്കൻ നെവാദ തുടങ്ങി അമേരിക്കയുടെ പല മേഖലകളിലായി പടരുന്ന കാട്ടുതീയിൽ ഏറ്റവും വ്യാപ്തി കൂടിയതാണ് ഒറിഗണിലെ തീപിടുത്തം. 

നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷനാണ് സാറ്റ്‌ലെറ്റ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. തീപിടുത്തത്തെ തുടർന്നുണ്ടായ കനത്ത പുകച്ചുരുളുകൾ കിലോമീറ്ററുകളോളം വ്യാപിക്കുന്നത് സാറ്റ്‌ലെറ്റ് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. രണ്ട് ലക്ഷത്തോളം ഏക്കറിനു മുകളിൽ വന ഭൂമിയാണ് കാട്ടുതീ ഇതിനോടകം വിഴുങ്ങിയത്. ഒരാഴ്ചയിലധികമായി തുടരുന്ന കാട്ടുതീ ശനിയാഴ്ച വരെ 77000 ഏക്കർ സ്ഥലത്താണ് പടർന്നതെങ്കിൽ ദിവസങ്ങൾക്കുള്ളിൽ രണ്ട് ലക്ഷം ഏക്കർ എന്ന നിലയിലേക്ക് വർധിക്കുകയായിരുന്നു. 

തെക്കൻ ഒറിഗണിലെ  ഫ്രമോണ്ട് - വിനേമ നാഷണൽ ഫോറസ്റ്റിന്റെ ഏറിയപങ്കും അഗ്നിക്കിരയായി കഴിഞ്ഞു. കാട്ടുതീ വളരെ വേഗത്തിൽ നീങ്ങുന്നതിനാൽ  1200 ഓളം  അഗ്നിശമനസേന ഉദ്യോഗസ്ഥരെയാണ് തീയണക്കുന്നതിനായി നിയോഗിച്ചിരിക്കുന്നത്. കാട്ടുതീ ഇത്രയും വേഗത്തിൽ പടർന്നുപിടിക്കുന്ന സംഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും അതിനാൽ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് കണക്കുകൂട്ടാൻ ഇപ്പോൾ സാധിക്കില്ലെന്നും കമാൻഡറായ ലോസൺ പറയുന്നു. 

ഒരാഴ്ചയായി പടർന്നുപിടിച്ചു കൊണ്ടിരിക്കുന്ന കാട്ടുതീ ഇതിനോടകം 2000 വീടുകൾക്കാണ് ഭീഷണിയുയർത്തിയത്. ഇരുപതിലധികം വീടുകളും ചെറിയ കെട്ടിടങ്ങളും പൂർണമായി അഗ്നിക്കിരയായിരുന്നു. തീപിടുത്തത്തിന്റെ വ്യാപ്തി എത്രത്തോളമാകുമെന്നത് പ്രവചനാതീതമായി തുടരുന്നതിനാൽ കൂടുതൽ ഇടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com