ചൈനയില്‍ ആയിരം വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴ, വെള്ളപ്പൊക്കം, ലക്ഷങ്ങളെ ഒഴിപ്പിച്ചു; സബ് വേയില്‍ കഴുത്തോളം വെള്ളത്തില്‍ യാത്രക്കാര്‍- വീഡിയോ 

ചൈനയില്‍ കനത്തമഴയില്‍ 13 ആളുകള്‍ മരിക്കുകയും ലക്ഷകണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്
ചൈനയില്‍ സബ് വേയില്‍ വെള്ളം കയറിയപ്പോള്‍
ചൈനയില്‍ സബ് വേയില്‍ വെള്ളം കയറിയപ്പോള്‍

ബീജിംങ്:  ചൈനയില്‍ കനത്തമഴയില്‍ 13 ആളുകള്‍ മരിക്കുകയും ലക്ഷകണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ആയിരം വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴയാണ് ഹെനന്‍ പ്രവിശ്യയില്‍ അനുഭവപ്പെട്ടത്. സബ് വേയില്‍ കുടുങ്ങിയവരെ അടക്കം രക്ഷിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ് സൈന്യത്തെ വിന്യസിച്ചു. 

ഹെനന്‍ പ്രവിശ്യയിലെ ഷെങ്ഷൂവില്‍ സബ്‌വേയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.ട്രെയിനില്‍ കഴുത്തോളം വെള്ളത്തില്‍ പരിഭ്രാന്തിയോടെ യാത്രക്കാര്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മേഖലയില്‍ ഉണ്ടായ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ വെളളപ്പൊക്കം 60 ലക്ഷം ജനങ്ങളെയാണ് ബാധിച്ചത്. സബ് വേ അടക്കം പൊതുസ്ഥലങ്ങള്‍ എല്ലാം വെള്ളത്തിന്റെ അടിയിലായി. 

ചൈനയിലെ ഹെനന്‍ പ്രവിശ്യയിലെ ഷെങ്ഷൂവില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സബ്‌വേയില്‍ അടക്കം വെള്ളം ഒഴുകിയെത്തുകയായിരുന്നു. യാത്രക്കാര്‍ സഞ്ചരിച്ച് കൊണ്ടിരിക്കേ വെള്ളം ട്രെയിനിനകത്തേയ്ക്ക് ഇരച്ചെത്തി. പ്ലാറ്റ്‌ഫോമുകളും വെള്ളത്തിന്റെ അടിയിലായി. ജലനിരപ്പ് ഉയര്‍ന്നതോടെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. ഇതോടെ ഭയചകിതരായ ആളുകള്‍ കുട്ടികളെയും മറ്റും ചേര്‍ത്തുപിടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മേഖലയില്‍ പെയ്ത കനത്തമഴയാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്.

ട്രെയിനിന്റെ ഡോര്‍ വഴിയാണ് വെള്ളം അരിച്ചെത്തിയത്. അരമണിക്കൂറിനകം ട്രെയിനിലെ വെള്ളത്തിന്റെ അളവ് കൂടി. കഴുത്തോളം വെള്ളമെത്തിയതോടെ എല്ലാവരും പരിഭ്രാന്തിയിലായി. ചില്ല് തകര്‍ത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com