ചൈനയില്‍ വീണ്ടും ആശങ്ക ; ഡെല്‍റ്റ വകഭേദം പടരുന്നു ; 'നാന്‍ജിങ് ക്ലസ്റ്റര്‍' മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുന്നു ; വീണ്ടും ലോക്ഡൗണിലേക്ക്

ഏഷ്യ പസഫിക് മേഖലയില്‍ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബീജിങ് : ചൈന വീണ്ടും കോവിഡ് വ്യാപന ഭീഷണിയില്‍. ചൈനീസ് നഗരമായ നാന്‍ജിങില്‍ കൊറോണ വൈറസിന്റെ വകഭേദമായ ഡെല്‍റ്റ പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നാന്‍ജിങ്ങില്‍ രൂപപ്പെട്ട കോവിഡ് ക്ലസ്റ്റര്‍ തസ്ഥാനമായ ബീജിങ്ങിലേക്കും അഞ്ച് പ്രവിശ്യകളിലേക്കും വ്യാപിച്ചതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിങ് വിമാനത്താവളത്തിലെ പത്തോളം ശുചീകരണ തൊഴിലാളികള്‍ക്ക്  ജൂലൈ 20 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. റഷ്യയില്‍ നിന്നും ജൂലൈ 10 ന് വന്ന വിമാനം ശുചീകരിച്ചത് ഇവരാണ്. വെള്ളിയാഴ്ച ആയതോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 206 ആയതായി അധികൃതര്‍ പറയുന്നു. 

നാന്‍ജിങില്‍ പടര്‍ന്നത് അതി വ്യാപനശേഷിയുള്ളതും മാരകവുമായ ഡെല്‍റ്റ വകഭേദമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. നാന്‍ജിങില്‍ രൂപപ്പെട്ട ക്ലസ്റ്റര്‍ ചൈനയിലെ സമീപമാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് വ്യാപനം ആണെന്നും അധികൃതര്‍ വ്യക്തമാക്കി. രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ഓഗസ്റ്റ് 11 വരെ നാന്‍ജിങില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. 

നാന്‍ജിങില്‍ രോഗം ബാധിച്ചവരില്‍ ഏറെയും വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. രോഗവ്യാപനം കണക്കിലെടുത്ത് ജിയാങ്‌സു പ്രവിശ്യയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചാങ്പിങ് ജില്ലയില്‍ ജനങ്ങള്‍ക്ക് വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കോവിഡിന്റെ പ്രഭവകേന്ദ്രമായ വുഹാനു ശേഷം നാന്‍ജിങ് ചൈനയിലെ കോവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ കേന്ദ്രമായി മാറുമെന്ന ആശങ്കയിലാണ് അധികൃതര്‍. 

നിലവിലെ സാഹചര്യത്തില്‍ കോവിഡ് വ്യാപനം ചെറുക്കുന്നതിനായി രാജ്യത്ത് ലോക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബീജിങ്ങില്‍ രോഗം പടരുന്നത് ചെറുക്കാനായി കൂട്ട പരിശോധന, സമ്പര്‍ക്കം കണ്ടെത്തല്‍ തുടങ്ങിയ തീവ്രനടപടികളും ആരംഭിച്ചിട്ടുണ്ട്. ഏഷ്യ പസഫിക് മേഖലയില്‍ ഡെല്‍റ്റ വകഭേദം അതിവേഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡെല്‍റ്റ വ്യാപനം കണക്കിലെടുത്ത് ഫിലിപ്പീന്‍സ് ദേശീയ തലസ്ഥാന മേഖലയില്‍ അടുത്ത ആഴ്ച ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com