ബ്രസീൽ പ്രസിഡന്റിന് വിമാനത്തിൽ കൂവൽ; യാത്ര കഴുതപ്പുറത്താക്കാൻ മറുപടി 

ബൊൽസൊനാരോയ്ക്ക് നേരെ യാത്രക്കാർ നടുവിരൽ ഉയർത്തിയതും ഗെറ്റ് ഔട്ട് വിളികൾ നിറഞ്ഞതുമാണ് ഈ ദൃശ്യങ്ങളിൽ
ജൈർ ബൊൽസൊനാരോ
ജൈർ ബൊൽസൊനാരോ

ബ്രസീലിയ: വിമാനയാത്രികരെ അഭിവാദ്യം ചെയ്യുന്ന ബ്രസീൽ പ്രസിഡന്റ് ജെയർ ബൊൽസൊനാരോയുടെ വിഡിയോ ട്വിറ്ററിൽ വൈറലായിരുന്നു. ‌ഇതിനുപിന്നാലെ പ്രസിഡന്റിന് നേരെ യാത്രക്കാർ കൂവുന്ന ദൃശ്യങ്ങളും ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. വിമാനത്തിൽ പ്രവേശിച്ച ബൊൽസൊനാരോയ്ക്ക് നേരെ യാത്രക്കാർ നടുവിരൽ ഉയർത്തിയതും ഗെറ്റ് ഔട്ട് വിളികൾ നിറഞ്ഞതുമാണ് ഈ ദൃശ്യങ്ങളിൽ. ഇക്കൂട്ടരോട് യാത്ര കഴുതപ്പുറത്താക്കാൻ പറഞ്ഞിരിക്കുകയാണ് ബൊൽസൊനാരോ. 

എസ്പിറിറ്റോ സാന്റോയിലെ ഒരു പൊതു പരിപാടി ഉത്ഘാടനം ചെയ്ത് മടങ്ങുമ്പോഴാണ് ബൊൽസൊനാരോ പുറപ്പെടാൻ തയ്യാറായി നിന്നിരുന്ന വിമാനത്തിലേക്ക് പ്രവേശിച്ചത്. യാത്രക്കാരും വിമാനജീവനക്കാരും ബൊൽസൊനാരോയെ സ്വീകരിക്കുന്നതും ഒപ്പം സെൽഫി എടുക്കാൻ തിടുക്കം കൂട്ടുന്നതുമൊക്കെയാണ് അദ്ദേഹം പങ്കുവച്ച വിഡിയോയിലുള്ളത്. അതേസമയം ഇതേ വിമാനത്തിൽ നിന്നുള്ള മറ്റു കാഴ്ചകളാണ് വിമർശകർ പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് നേരിടുന്നതിൽ പരാജയപ്പെട്ട പ്രസിഡന്റിനെതിരെയുള്ള വ്യാപക വിമർശനത്തിന്റെ ഭാഗമാണിത്. 

വിമാനത്താവളത്തിൽ വച്ച് ബൊൽസൊനാരോ മാസ്‌ക് ഊരിയതായും റിപ്പോർട്ടുകളുണ്ട്. മാസ്‌ക് ഉപയോഗം, ലോക്ഡൗൺ, വാക്‌സിൻ എന്നിവ ഉപയോഗിച്ചുള്ള കോവിഡ് പ്രതിരോധത്തെ നിരന്തരം ചോദ്യം ചെയ്യുന്ന ഒരാളാണ് ബോൽസൊനാരോ. അമേരിക്കയ്ക്ക് പിന്നാലെ ഏറ്റവുമധികം കോവിഡ് മരണങ്ങൾ ഉണ്ടായ രാജ്യമെന്ന നിലയിൽ ബ്രസീൽ എത്തിയത് സർക്കാരിന്റെ പരാജയമാണെന്ന് വിമർശനമുണ്ട്. മഹാമാരിയുടെ പശ്ചാതലത്തിലും പ്രസിഡന്റിനെതിരെ പ്രക്ഷോഭവുമായി തെരുവിലിറങ്ങാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. 

നേരത്തെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ബൊൽസൊനാരോയ്ക്ക് പിഴ ചുമത്തിയിരുന്നു.  മാസ്‌ക് ധരിക്കാതെ പൊതുപരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നായിരുന്നു നടപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com