കിലോമീറ്ററോളം പരന്നു കിടക്കുന്ന എട്ടുകാലി വലകള്‍, മരങ്ങള്‍ക്ക് മുകളില്‍ 'പുതപ്പ്' നെയ്തത് 30ലക്ഷത്തോളം ചിലന്തികള്‍- അപൂര്‍വ്വ കാഴ്ച 

ഓസ്‌ട്രേലിയയിലെ കിഴക്കന്‍ വിക്ടോറിയയില്‍ നിന്നുള്ള കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്
കിലോമീറ്ററോളം പരന്നു കിടക്കുന്ന എട്ടുകാലി വലകള്‍
കിലോമീറ്ററോളം പരന്നു കിടക്കുന്ന എട്ടുകാലി വലകള്‍

രോ ദിവസവും അത്ഭുതപ്പെടുത്തുന്ന നിരവധി പുതിയ പ്രതിഭാസങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ കിലോമീറ്ററോളം പരന്നു കിടക്കുന്ന എട്ടുകാലി വലകളാണ് വിസ്മയിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിലെ കിഴക്കന്‍ വിക്ടോറിയയില്‍ നിന്നുള്ള കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 

വെറും വലകളല്ല, മറിച്ച് എട്ടുകാലി വലകള്‍ കൊണ്ട് ഒരു പുതപ്പു തുന്നിയതുപോലെയാണ് ഇത് കാണപ്പെടുന്നത്. പ്രതിഭാസത്തിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കാറ്റടിക്കുമ്പോള്‍ തിരകള്‍ പോലെ ചിലന്തി വല അനങ്ങുന്നതിന്റെ വിഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

അടുത്തിടെ മേഖലയില്‍ ദീര്‍ഘനാളുകള്‍ നീണ്ടുനിന്ന ഒരു പെരുമഴ പെയ്തിരുന്നു. കനത്തമഴയില്‍ പ്രദേശമാകെ വെള്ളത്തിന്റെ അടിയിലായി. വിക്ടോറിയയിലെ ഈസ്റ്റ് ഗ്രിപ്പ്സ്ലാന്‍ഡ് മേഖലയിലാണു വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. റോഡുകളിലും പാതകളിലുമൊക്കെ വെള്ളം പൊങ്ങിയത് ഏറ്റവും കൂടുതല്‍ ബാധിച്ചത് പ്രദേശത്തെ ചിലന്തികളെയാണ്.

ഒഴുകി വരുന്ന വെള്ളത്തില്‍ നിന്നു രക്ഷനേടാനായി ഇവ ഉയരമുള്ള പ്രതലങ്ങളിലേക്കും മരക്കൊമ്പുകളിലേക്കും റോഡ് ദിശാസൂചികളിലേക്കുമൊക്കെ കയറി. തുടര്‍ന്ന് അവ ആ ഉയരത്തില്‍ തന്നെ ഒരു കുടപോലെ വല നെയ്തു. ഇതാണ് ഇപ്പോള്‍ പ്രദേശത്തെ ഒരു പുതപ്പിനടിയിലാക്കിയതു പോലെ ചിലന്തിവല സൃഷ്ടിച്ചത്. ചെറിയ മരങ്ങളും ഉയരമുള്ള പുല്ലുകളുമൊക്കെ ഇപ്പോള്‍ ഈ വല പ്പുതപ്പിനടിയിലാണ്.

മുപ്പതു ലക്ഷത്തോളം ചിലന്തികളാണു മേഖലയില്‍ വ്യാപിച്ചിരിക്കുന്നതെന്നു ഗവേഷകര്‍ പറയുന്നു. ഇത്ര ബൃഹത്തായ വല സൃഷ്ടിക്കപ്പെട്ടതിനു കാരണം എണ്ണത്തിലെ ഈ ബാഹുല്യമാണ് .ആംബികോഡാമസ് എന്ന സ്പീഷിസില്‍ പെട്ട ചിലന്തികളാണ് ഇവയില്‍ കൂടുതല്‍. ഈ ചിലന്തികള്‍ സാധാരണ ഗതിയില്‍ വലകെട്ടി ജീവിക്കാതെ നിലത്തു കഴിയാനിഷ്ടപ്പെടുന്നവയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com