ഗ്രാമത്തില്‍ 'വജ്രശേഖരം', ഒഴുകിയെത്തി നാട്ടുകാര്‍, കുഴിക്കാന്‍ തുടങ്ങി; സംഭവത്തിന് പിന്നില്‍ (വീഡിയോ)

വജ്രശേഖരം കണ്ടെത്തി എന്ന വാര്‍ത്തകളെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ തടിച്ചുകൂടി ഭാഗ്യാന്വേഷികള്‍
വജ്രക്കല്ലുകള്‍ തേടി കൂട്ടമായി എത്തി കുഴിക്കുന്ന ഗ്രാമീണര്‍
വജ്രക്കല്ലുകള്‍ തേടി കൂട്ടമായി എത്തി കുഴിക്കുന്ന ഗ്രാമീണര്‍

ജൊഹന്നാസ്ബര്‍ഗ്:  വജ്രശേഖരം കണ്ടെത്തി എന്ന വാര്‍ത്തകളെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ തടിച്ചുകൂടി ഭാഗ്യാന്വേഷികള്‍.
ഗ്രാമത്തില്‍ ആടുമാടുകളെ മേയ്ക്കുന്ന ഒരാള്‍ക്ക് കഴിഞ്ഞ ആഴ്ചയാണ് ഭൂമിക്കടിയില്‍ നിന്ന് കുറച്ച് തിളങ്ങുന്ന കല്ലുകള്‍ ലഭിച്ചത്. അവ വജ്രക്കല്ലുകളാണന്ന വാര്‍ത്ത പരന്നതോടെ പ്രവിശ്യയിലേക്ക് ആളുകള്‍ കൂട്ടമായെത്തുകയായിരുന്നു. വില പിടിച്ച കല്ലുകള്‍ തിരഞ്ഞ് പലരും ഭൂമി കുഴിക്കാന്‍ തുടങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. 
 
ദക്ഷിണാഫ്രിക്കയിലെ ക്വാസുലു-നറ്റാലില്‍ പ്രവിശ്യയിലാണ് സംഭവം. ആടുമാടുകളെ മേയ്ക്കുന്ന ആള്‍ക്ക് അജ്ഞാത കല്ലുകള്‍ ലഭിച്ചു എന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് ദൂരദിക്കില്‍ നിന്ന് വരെ ആളുകള്‍ ഒഴുകി എത്തുകയായിരുന്നു.പലരും വില പിടിച്ച കല്ലുകള്‍ തിരഞ്ഞ് ഭൂമി കുഴിക്കാന്‍ തുടങ്ങി. ചിലര്‍ക്കൊക്കെ സമാനമായ കല്ലുകള്‍ ലഭിക്കുകയും ചെയ്തു. ജനപ്രവാഹത്തെ തുടര്‍ന്ന് കല്ലുകളുടെ നിഗൂഢതയറിയാന്‍ ഗവണ്‍മെന്റ് ജിയോസയന്റിസ്റ്റുകളേയും മൈനിങ് വിദഗ്ധരേയും സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കാനയച്ചു. 

വജ്രമെന്ന് തോന്നിപ്പിക്കുന്ന സ്ഫടികക്കല്ലുകള്‍ ആണ് കണ്ടെത്തിയതെന്ന അധികൃതരുടെ അറിയിപ്പോടെ ഭാഗ്യം തേടിയെത്തിയവര്‍ നിരാശരായിരിക്കുകയാണ്. പരിശോധനയില്‍ പ്രദേശത്ത് നിന്ന് കണ്ടെടുത്ത കല്ലുകള്‍ വജ്രമല്ലെന്ന് തെളിഞ്ഞതായി പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി. ക്വാര്‍ട്സ് എന്ന ഈ കല്ലുകള്‍ക്ക് വജ്രവുമായി താരതമ്യം ചെയ്യുമ്പോള്‍ വില വളരെ കുറവാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

ജൊഹന്നാസ്ബര്‍ഗില്‍ നിന്നു 300 കിലോ മീറ്റര്‍ അകലെയാണ് സ്ഫടികക്കല്ലുകള്‍ കണ്ടെത്തിയ സ്ഥലം. ഈ ഭാഗത്ത് നിലവില്‍ വജ്രഖനികളൊന്നും കണ്ടെത്തിയിട്ടില്ല. ലാവാശിലകള്‍ ധാരാളമായി കാണപ്പെടുന്ന പ്രദേശമായതിനാല്‍ സ്ഫടികശിലകളുടെ സാന്നിധ്യം ഉറപ്പാണെന്ന് വിദഗ്ധര്‍ പറയുന്നു. വജ്രക്കല്ലുകള്‍ കണ്ടെത്തിയെന്ന് ആദ്യം വാര്‍ത്ത പുറത്തു വന്നത് ദക്ഷിണാഫ്രിക്കയിലെ ദരിദ്രമേഖലകളിലൊന്നായ പ്രദേശത്തിന് വലിയ പ്രതീക്ഷയാണ് നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com