കലിഫോര്‍ണിയ: നായയുടെ യജമാന സ്നേഹത്തിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. തന്നെ ഓമനിച്ചു വളര്‍ത്തുന്നവര്‍ക്ക് എന്തെങ്കിലും ആപത്തു വന്നാല്‍ തന്നാലാവുന്നതെല്ലാം ചെയ്യാന്‍ അവ ശ്രമിക്കും. ഇപ്പോഴിതാ സ്വന്തം ജീവന് കൊടുത്തും വിഷപ്പാമ്പില് നിന്ന് ഉടമസ്ഥനെ രക്ഷിക്കാന്‍ ശ്രമിച്ച വളര്‍ത്തുനായയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.
അമേരിക്കയിലെ കലിഫോര്‍ണിയയിലാണ് സംഭവം. മാര്‍ലി എന്ന നായയാണ് അലക്സ് എന്ന തന്റെ ഉടമസ്ഥനെ വലിയ അപകടത്തില്‍ നിന്നും രക്ഷിച്ചത്.വീടിനു പുറത്തിട്ടിരുന്ന മേശക്കടിയില്‍ നിന്നും എന്തോ ശബ്ദം കേട്ടാണ് പതിനെട്ടുകാരനായ അലക്സ് പുറത്തേക്കെത്തിയത്. പുറത്തേക്കിറങ്ങിയ അലക്സിന് നേരെ 'റാറ്റില്‍ സ്നേക്' വിഭാഗത്തില്‍പ്പെട്ട വിഷപ്പാമ്പ് ആക്രമിക്കാനെത്തി. പെട്ടെന്ന് മാര്‍ലി അലക്സിനെ തള്ളിയിട്ടുകൊണ്ട് പാമ്പിന്റെ മേലേക്ക് ചാടി വീഴുകയായിരുന്നു. സെക്കന്‍ഡുകള്‍ക്കുള്ളിലായിരുന്നു മാര്‍ലിയുടെ ആക്രമണം. മാര്‍ലി തക്ക സമയത്തെത്തിയില്ലായിരുന്നുവെങ്കില് ഉറപ്പായും പാമ്പ് തന്നെ കടിക്കുമായിരുന്നുവെന്ന് അലക്സ് പറയുന്നു. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട മാര്‍ലിക്ക് ഏഴ് വയസ്സാണ് പ്രായം.
ആക്രമണത്തെത്തുടര്‍ന്ന് പാമ്പ് പിന്മാറിയെങ്കിലും മാര്‍ലിയുടെ കഴുത്തിലും നാവിലും കടിയേറ്റു. ഒരു നിമിഷം പോലും വൈകാതെ അലക്സ് മാര്‍ലിയുമായി ആശുപത്രിയിലേക്ക് പാഞ്ഞു. തന്നെ രക്ഷിക്കാന്‍ ശ്രമിച്ച് മാര്‍ലിയുടെ ജീവന് നഷ്ടപ്പെടുമോ എന്ന പരിഭ്രാന്തിയിലായിരുന്നു അലക്സ്. തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ പ്രതിവിഷം ഉണ്ടായിരുന്നില്ല. പിന്നെയും 25 മിനിറ്റ് വാഹനമോടിച്ചാണ് ആശുപത്രിയിലെത്തിയത്. ഈ സമയം കൊണ്ട് മാര്‍ലിയുടെ മുഖത്ത് നീര് വയ്ക്കുകയും ശ്വാസതടസ്സം നേരിടുകയും ചെയ്തു.
ആശുപത്രിയിലേക്ക് വിളിച്ചു നായയുടെ അവസ്ഥ അറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി വച്ചു. ആശുപത്രിയിലെത്തിച്ച ഉടന്‍ തന്നെ ചികിത്സ നല്കിയതിനാല് മാര്‍ലിയുടെ ജീവന് രക്ഷിക്കാനും സാധിച്ചു. തീരെ ചെറിയ പ്രായത്തില്‍ തന്നെ നായ കുടുംബത്തിന്റെ ഭാഗമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ