തളർന്നുവീണ അമ്മയാനയ്ക്ക് കാവലായി കുട്ടിയാന, വൈദ്യസംഘത്തെ വിരട്ടിയോടിച്ചു; പിന്നെ സംഭവിച്ചത് ( വീഡിയോ)

അസുഖബാധിതയായ അമ്മ ആനയെ ഉപദ്രവിക്കാൻ എത്തിയവർ എന്നുകരുതി വൈദ്യ സംഘത്തെ വിരട്ടിയോടിക്കുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്
തളർന്നുവീണ അമ്മയാനയ്ക്ക് കാവലായി കുട്ടിയാന
തളർന്നുവീണ അമ്മയാനയ്ക്ക് കാവലായി കുട്ടിയാന

മ്മയാനയും കുട്ടിയാനയും തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധത്തിന്റെ വീഡിയോ വൈറലാകുന്നു. അസുഖബാധിതയായ അമ്മയാനയെ ഉപദ്രവിക്കാൻ എത്തിയവർ എന്നുകരുതി വൈദ്യ സംഘത്തെ വിരട്ടിയോടിക്കുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

തായ്‌ലൻഡിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. ചന്ദാബുരി പ്രവിശ്യയിലുള്ള ഒരു റബർ തോട്ടത്തിലാണ് സംഭവം.കുട്ടിക്കൊമ്പനൊപ്പം സഞ്ചരിക്കുകയായിരുന്ന അമ്മയാന തോട്ടത്തിൽ കുഴഞ്ഞുവീഴുകയായിരുന്നു. റബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളിൽ ഒരാൾ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.

ഉടൻതന്നെ വന്യജീവി വിഭാഗത്തിലെ മൃഗഡോക്ടർമാരുടെ സംഘം സ്ഥലത്തെത്തി. എന്നാൽ രോഗബാധിതയായി മുറിവേറ്റു കിടക്കുന്ന അമ്മയുടെ അരികിലേക്കെത്താൻ ശ്രമിച്ച ഉദ്യോഗസ്ഥരെ മൂന്നു വയസ്സോളം പ്രായം വരുന്ന കുട്ടിയാന വിരട്ടി ഓടിക്കുകയായിരുന്നു. അമ്മയെ സംരക്ഷിക്കാനായി അമ്മയ്ക്കും ചുറ്റും കുട്ടിയാന ഓടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അമ്മയാന വീണതു മുതൽ സമീപത്തുനിന്നും മാറാതെ നിൽക്കുകയായിരുന്നു കുട്ടിയാന.

കടുത്ത വേനലിൽ നിർജ്ജലീകരണം സംഭവിച്ചതിനാലാവാം ആന തളർന്നു വീണതെന്ന അനുമാനത്തിൽ ഉദ്യോഗസ്ഥർ ഫയർ എൻജിൻ ഉപയോഗിച്ച് ആനകളുടെ ദേഹത്ത് വെള്ളം ഒഴിച്ചു കൊടുത്തു. അതിനുശേഷം  പഴങ്ങളും മറ്റും  അമ്മയുടെ നേർക്ക് എറിഞ്ഞുകൊടുത്തെങ്കിലും അത് കുട്ടിയാന എടുത്തു ഭക്ഷിക്കുകയായിരുന്നുവെന്ന് സംഘാംഗങ്ങൾ പറയുന്നു. ആനയുടെ സമീപത്തേക്കെത്താൻ മറ്റൊരു മാർഗവുമില്ലാതെ വന്നതോടെ കുട്ടിയാനയെ സംഘം മയക്കുവെടിവച്ച് വീഴ്ത്തി.

താൽക്കാലികമായി ഒരു കൂട് നിർമിച്ച്  കുട്ടിയാനയെ അതിലേക്ക് മാറ്റിയ ശേഷമാണ് അമ്മയാനയെ പരിശോധനക്കു വിധേയമാക്കിയത്. ഏകദേശം 15 വയസ് പ്രായം ചെന്ന ആനയ്ക്ക് തളർച്ചയും അതിസാരവും ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. എന്നാൽ ആനയുടെ ദേഹത്തുള്ള മുറിവുകളുടെ കാരണം വ്യക്തമല്ല. നിലവിൽ ആനയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സകൾ തുടരുകയാണ്. 

കടപ്പാട്:ഡെയ്‌ലി മെയില്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com