ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടതിന് നന്ദി; ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖ് ഷിയാ ആത്മീയാചാര്യനുമായി കൂടിക്കാഴ്ച നടത്തി

ഇറാഖിലെ ചരിത്ര സന്ദര്‍ശനത്തിനിടെ, ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖ് ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി
ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖ് ഷിയാ ആത്മീയാചാര്യനുമായി കൂടിക്കാഴ്ച നടത്തുന്നു/എപി
ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖ് ഷിയാ ആത്മീയാചാര്യനുമായി കൂടിക്കാഴ്ച നടത്തുന്നു/എപി

ബഗ്ദാദ്: ഇറാഖിലെ ചരിത്ര സന്ദര്‍ശനത്തിനിടെ, ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖ് ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അലി അല്‍ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തി. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇറാഖില്‍ എത്തിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്.

സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെ പ്രാധാന്യം ഇരുവരും ഓര്‍മ്മിപ്പിച്ചു. യുദ്ധ സമാനമായ അന്തരീക്ഷം നിലനില്‍ക്കുന്ന  ഇറാഖില്‍ ദുരിതം അനുഭവിക്കുന്ന ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കാന്‍ മുസ്ലീം ജനതയോട് സംയുക്ത പ്രസ്താവനയിലൂടെ ഇരുവരും ആവശ്യപ്പെട്ടു. ഇറാഖിലെ ക്രിസ്ത്യന്‍ സമുദായത്തെ സംരക്ഷിക്കാന്‍ മത അധികാരികള്‍ക്ക്‌ ഉത്തരവാദിത്തമുണ്ടെന്ന് അലി അല്‍ സിസ്താനി പറഞ്ഞു. 

മറ്റു ഇറാഖികള്‍ക്ക് സമാനമായി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ ഇവര്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുര്‍ബല മതവിഭാഗങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടതിന് അലി അല്‍ സിസ്താനിയോട് ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി പറഞ്ഞു. ഇറാഖ് ഷിയാ ആത്മീയാചാര്യന്‍ ആയത്തുല്ല അലി അല്‍ സിസ്താനിയെ സന്ദര്‍ശിക്കാന്‍ എത്തിയ മാര്‍പാപ്പയെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ സംഘമാണ് സ്വീകരിച്ചത്.

നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ബാഗ്ദാദ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുടെ നേതൃത്വത്തിലാണ് മാര്‍പാപ്പയെ സ്വീകരിച്ചത്.  ഇതാദ്യമായാണ് മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. കോവിഡ് മഹാമാരി ആരംഭിച്ച 2019 നവംബറിനു ശേഷം ഇതാദ്യമായാണ് മാര്‍പാപ്പ ഇറ്റലിക്കു വെളിയില്‍ സന്ദര്‍ശനം നടത്തുന്നത്. മാര്‍പാപ്പയുടെ വാഹനവ്യൂഹം കടന്നുപോയ വീഥികളില്‍ വന്‍ ജനക്കൂട്ടം കനത്ത സുരക്ഷയിലും കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

മതന്യൂനപക്ഷങ്ങളെ പ്രതിബന്ധമായി കണ്ട് ഇല്ലാതാക്കാന്‍ ശ്രമിക്കാതെ അവരെ മൂല്യമുള്ളവരായി കണ്ട് സംരക്ഷിക്കണമെന്ന് മാര്‍പാപ്പ ഇറാഖി ജനതയോട് അഭ്യര്‍ഥിച്ചു. ആരെയും രണ്ടാം തരം പൗരന്മാരായി കാണരുതെന്നും ഏതു വിശ്വാസം പിന്തുടരുന്നവരുടെയും തുല്യ അവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പ്രസിഡന്റ് ബര്‍ഹം സാലിഹിനോട് പറഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ രാജ്യത്തെ പ്രമുഖ വ്യക്തികളെല്ലാം സംബന്ധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com