ചോരക്കളമായി മ്യാൻമർ; സായുധ സേനാദിനത്തിൽ 114പേരെ സൈന്യം വെടിവച്ചുകൊന്നു

മ്യാൻമറിലെ വിവിധ നഗരങ്ങളിൽ തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടിവച്ചുകൊന്നു
തീ അണയ്ക്കുന്ന പ്രതിഷേധക്കാര്‍/ എപി ചിത്രം
തീ അണയ്ക്കുന്ന പ്രതിഷേധക്കാര്‍/ എപി ചിത്രം

യാങ്കൂൺ: മ്യാൻമറിലെ വിവിധ നഗരങ്ങളിൽ തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടിവച്ചുകൊന്നു. പട്ടാള ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെയാണ് മ്യാൻമറിനെ ചോരക്കളമാക്കി ഇന്നലെ സൈന്യത്തിന്റെ വെടിവയ്പ്. വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതി. യാങ്കൂണിലും മൻഡാലെയിലും അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരുകയാണ്. ഒന്നര മാസം പിന്നിട്ട പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു.

മാൻഡലെയിൽ 5 വയസ്സുള്ള ബാലൻ അടക്കം 29 പേരാണു കൊല്ലപ്പെട്ടത്. യാങ്കൂണിൽ 24 പേരും. ഒരു വയസ്സുള്ള കുഞ്ഞിന്റെ കണ്ണിൽ റബർ ബുള്ളറ്റേറ്റതായും റിപ്പോർട്ടുണ്ട്. ‘തലയിലും പുറത്തും’ വെടിയേൽക്കുന്ന സാഹചര്യം സമരക്കാരുണ്ടാക്കിയെന്നാണു സർക്കാർ ടിവി റിപ്പോർട്ട്.
 ജനാധിപത്യത്തെ സംരക്ഷിക്കാനാണു കർശനനടപടികളെന്നും തിരഞ്ഞെടുപ്പു നടത്തുമെന്നും തലസ്ഥാനനഗരമായ നയ്പിഡോയിൽ നടന്ന സൈനിക പരേഡിൽ പട്ടാളഭരണത്തലവനായ ജനറൽ മിൻ ഓങ് ലെയ്ങ് പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഓങ് സാൻ സൂ ചിയുടെ കക്ഷി വൻഭൂരിപക്ഷം നേടിയതു കൃത്രിമത്തിലൂടെയാണെന്ന് ആരോപിച്ച് ഫെബ്രുവരി ഒന്നിനാണു പട്ടാളം അധികാരം പിടിച്ചത്. 

യൂറോപ്യൻ യൂണിയനും യുഎസും ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റഷ്യയുടെയും ചൈനയുടെയും പിന്തുണ മ്യാൻമറിനുണ്ട്. റഷ്യയുടെ ഡപ്യൂട്ടി പ്രതിരോധ മന്ത്രി സൈനിക ദിനാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനുമടക്കം 8 രാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തതായാണു റിപ്പോർട്ട്. ചൈനയും റഷ്യയും ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങളായതിനാൽ, ഉപരോധനീക്കം ഉണ്ടായാൽ തടയാനും കഴിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com