പുരോഹിതന്റെ മമ്മിയിൽ കുഞ്ഞിക്കാൽ, ​ഗർഭിണിയുടേതെന്ന് കണ്ടെത്തൽ; 'മിസ്റ്റീരിയസ് മമ്മി'യുടെ ചുരുളഴിക്കാൻ  ​ഗവേഷകർ 

ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായമുള്ളപ്പോഴാണ് ഈ യുവതി മരിച്ചതെന്ന് കണക്കാക്കപ്പെടുന്നു
പ്രതീകാത്മക ചിത്രം/എ എഫ് പി
പ്രതീകാത്മക ചിത്രം/എ എഫ് പി

പുരോഹിതന്റേതെന്ന് കരുതിയിരുന്ന പൗരാണിക ഈജിപ്തിലെ മമ്മി പരിശോധിച്ചപ്പോൾ അത് യഥാർത്ഥത്തിൽ ഗർഭിണിയായ മമ്മിയാണ് എന്ന് കണ്ടെത്തി. ഇരുപതിനും മുപ്പതിനും ഇടക്ക് പ്രായമുള്ളപ്പോഴാണ് ഈ യുവതി മരിച്ചതെന്ന് കണക്കാക്കപ്പെടുന്നു. മരണസമയം 26-30 ആഴ്ച ഗർഭിണിയായിരുന്നു അവർ. 

'ഹോർ ജെഹൂട്ടി' എന്ന പുരോഹിതന്റെ മമ്മിയാണ് പരിശോധിക്കുന്നത് എന്നാണ് പുരാവസ്തുഗവേഷകർ ആദ്യം കരുതിയത്. പക്ഷെ ഈ മമ്മിയുടെ വയറിനുള്ളിൽ ഒരു കുഞ്ഞു കാലിന്റെ ഭാഗങ്ങൾ തെളിഞ്ഞതോടെയാണ് സംശയമായത്.  ശവപ്പെട്ടിയിലെ ചിത്രപ്പണികളും അലങ്കാരങ്ങളും സൂചിപ്പിച്ചതനുസരിച്ച് ഇതിൽ അടക്കിയിരിക്കുന്നത് ഒരു സ്ത്രീയെയാണെന്നാണ് ആദ്യം കരുതിയിരുന്നു. എന്നാൽ ശവപ്പെട്ടിക്ക് മുകളിൽ ഹോർ ജെഹൂട്ടി എന്ന് എഴുതിയിരിക്കുന്ന കണ്ടപ്പോഴാണ് ആ പേരിലുള്ള ഈജിപ്ഷ്യൻ പുരോഹിതനാണ് ഇതെന്ന് പറഞ്ഞത്.  2016ൽ നടത്തിയ കംപ്യൂട്ടർ ടോമോഗ്രഫി പരിശോധനയിൽ അത് തെറ്റാണെന്ന് കണ്ടെത്തി. മൃദുലമായ എല്ലുകളാണെന്ന് വ്യക്തമായതും പുരുഷ ലൈംഗികാവയവം കണ്ടെത്താൻ ആകാത്തതുമായിരുന്നു കാരണം. മമ്മിയുടെ രൂപം ത്രിഡിയിൽ നിർമിച്ചപ്പോൾ മാറിടങ്ങൾ കൂടി തെളിഞ്ഞതോടെ ഈ മമ്മി ഒരു സ്ത്രീയുടേതാണെന്ന് ഉറപ്പിച്ചു. 

1826ലാണ് പോളണ്ടിലെ വാർസോ സർവകലാശാലയ്ക്ക് ഈ മമ്മി ലഭിച്ചത്. വാർസോയിലെ നാഷണൽ മ്യൂസിയത്തിൽ വെച്ചിരിക്കുന്ന ഈ മമ്മിക്ക് പുരാവസ്തു ഗവേഷകർ മിസ്റ്റീരിയസ് മമ്മി എന്ന് പേരിട്ടിരിക്കുകയാണിപ്പോൾ. ലഭ്യമായതിൽ വെച്ച് ലോകത്തെ ആദ്യത്തെ ഗർഭിണിയായ മമ്മിയാണ് ഇതെന്ന് കരുതപ്പെടുന്നു.

മമ്മി ഏത് സ്ത്രീയുടേതാണെന്നതിന് ഇപ്പോഴും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. പുരോഹിതന്റെ മമ്മിയിൽ ​ഗർഭിണിയെ കണ്ടതിന് പിന്നിൽ മമ്മികളിലും പിരമിഡുകളിലും ഭാഗ്യം തിരഞ്ഞിരുന്ന മോഷ്ടാക്കളാണോ എന്നും സംശയമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com