ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആറടിക്ക് അപ്പുറവും സുരക്ഷിതമല്ല, കോവിഡ് വായുവിലൂടെയും പകരാം: മുന്നറിയിപ്പ് 

കോവിഡ് വായുവിലൂടെയും പകരാന്‍ സാധ്യതയുണ്ടെന്ന പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിന്റെ കണ്ടെത്തല്‍ ശരിവെച്ച് യുഎസ് ഏജന്‍സി

ന്യൂയോര്‍ക്ക്: കോവിഡ് വായുവിലൂടെയും പകരാന്‍ സാധ്യതയുണ്ടെന്ന പ്രമുഖ മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റിന്റെ കണ്ടെത്തല്‍ ശരിവെച്ച് യുഎസ് സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍. ഇക്കാര്യം ഉള്‍്‌പ്പെടുത്തി കൊണ്ട് യുഎസ് സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി.

കഴിഞ്ഞ വര്‍ഷം മഹാമാരിയുടെ തുടക്കം മുതല്‍ മിക്ക ഗവേഷകരും വിദഗ്ധരും കോവിഡ് വായുവിലൂടെ പകരില്ല എന്നാണ് ആവര്‍ത്തിച്ച് പറഞ്ഞത്. കോവിഡ് ബാധിച്ച ഒരാളുടെ വായില്‍ നിന്നോ മൂക്കില്‍ നിന്നോ പുറത്തുവരുന്ന ജലകണിക വഴിയാണ് രോഗം പകരുക എന്നതായിരുന്നു ഇവരുടെ കണ്ടെത്തല്‍. ഇത് തള്ളുന്നതാണ് യുഎസ് സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ പുതിയ റിപ്പോര്‍ട്ട്. വ്യാപനം അതിരൂക്ഷമായതോടെയാണ് വായുവിലൂടെ അല്ലാതെ വൈറസ് ഇത്രയും വലിയ തോതില്‍ വ്യാപിക്കില്ലെന്ന് പല ശാസ്ത്രജ്ഞരും വിലയിരുത്തല്‍ നടത്തിയത്. 

കോവിഡ് ബാധിച്ച ഒരാളുമായുള്ള സമ്പര്‍ക്കം ആറടിക്കുള്ളിലാണെങ്കില്‍ രോഗസാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത്രദൂരത്തിനിടയില്‍  നേര്‍ത്ത തുള്ളികളുടേയും കണങ്ങളുടേയും സാന്ദ്രത കൂടുതലാണ്.ചില സാഹചര്യങ്ങളില്‍, പ്രധാനമായും വീടിനകത്ത്, പകര്‍ച്ചവ്യാധി ഉറവിടം ആറടിയില്‍ കൂടുതല്‍ അകലെയാണെങ്കില്‍ പോലും വായുവിലൂടെയുള്ള വൈറസ് പകരാന്‍ സാധ്യതയുണ്ടെന്നും യുഎസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

രോഗബാധിതനായ ഒരാള്‍ കടന്നുപോയ ആറടി അകലത്തിനപ്പുറത്തേക്കും അയാള്‍ പുറത്തുവിട്ട കണങ്ങള്‍ 15 മിനിറ്റോളം തങ്ങിനില്‍ക്കും. ചിലപ്പോള്‍ മണിക്കൂറുകളോളം അന്തരീക്ഷത്തില്‍ അണുബാധ പകരാന്‍ പര്യാപ്തമായ വൈറസ് നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ശാരീരിക അകലം, കൃത്യമായതും യോജിച്ചതുമായ മാസ്‌കുകളുടെ ഉപയോഗം, വേണ്ടത്ര വായു സഞ്ചാരം ഉറപ്പാക്കുക, തിരക്കേറിയ ഇന്‍ഡോറുകള്‍ ഒഴിവാക്കുക തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ വൈറസ് തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളാണെന്നും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com