പുകയൊടുങ്ങാതെ ഗാസ; സമാധാന ശ്രമത്തിനിടയിലും ചീറിപ്പാഞ്ഞ് റോക്കറ്റുകള്‍, നിലയ്ക്കാത്ത നിലവിളി

വെസ്റ്റ് ബാങ്കില്‍ പ്രതിഷേധമുയര്‍ത്തിയ പലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ പതിനൊന്നു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം
വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി സൈന്യത്തിനെതിരായ പ്രതിഷേധത്തിനിടെ പലസ്തീനി പകാത ഉയര്‍ത്തിക്കാട്ടുന്ന പ്രക്ഷോഭകന്‍/എപി
വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി സൈന്യത്തിനെതിരായ പ്രതിഷേധത്തിനിടെ പലസ്തീനി പകാത ഉയര്‍ത്തിക്കാട്ടുന്ന പ്രക്ഷോഭകന്‍/എപി

ഗാസ സിറ്റി: രാജ്യാന്തര തലത്തില്‍ സമാധാന നീക്കങ്ങള്‍ നടക്കുമ്പോഴും ഗാസ മുനമ്പില്‍ ഇസ്രയേലും പലസ്തീന്‍ സംഘടനയായ ഹമാസും ആക്രമണ, പ്രത്യാക്രമണങ്ങള്‍ തുടരുന്നു. ഗാസ സിറ്റിയില്‍ ഇന്നു പുലര്‍ച്ചെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രണത്തില്‍ ഏഴു പേര്‍ മരിച്ചു. അതിനിടെ ഇസ്രായേലില്‍ ജറൂസലെമില്‍ പൊട്ടിപ്പുറപ്പെട്ട ജൂത-അറബ് സംഘര്‍ഷം വെസ്റ്റ് ബാങ്കിലേക്കും വ്യാപിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വെസ്റ്റ് ബാങ്കില്‍ പ്രതിഷേധമുയര്‍ത്തിയ പലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ പതിനൊന്നു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കൂടുതല്‍ മേഖലകളിലേക്കു സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്ക ശക്തമാണ്.

അതിനിടെ സമാധാന ശ്രമങ്ങളുമായി അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഹാഡി ആമര്‍ ഇന്നലെ മേഖലയില്‍ എത്തിയിട്ടുണ്ട്. നാളെ ചേരുന്ന യുഎന്‍ രക്ഷാസമിതി ഗാസയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഒരു വര്‍ഷത്തെ വെടിനിര്‍ത്തല്‍ എന്ന തങ്ങളുടെ നിര്‍ദേശം ഇസ്രായേല്‍ തള്ളിയതായി ഈജിപ്ഷ്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹമാസ് ഈ നിര്‍ദേശം അംഗീകരിച്ചിരുന്നതായി അവര്‍ അറിയിച്ചു. 

തിങ്കളാഴ്ച മുതല്‍ ഗാസ മുനമ്പില്‍നിന്ന് ഹമാസ് നൂറുകണക്കിനു റോക്കറ്റുകള്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി തൊടുത്തിട്ടുണ്ട്. ഇതില്‍ ഒരു മലയാളി അടക്കം ഏഴു പേര്‍ മരിച്ചു. ഗാസയില്‍ ഇസ്രേയില്‍ നടത്തിയ ആക്രമണത്തില്‍ 31 കുട്ടികള്‍ അടക്കം 126 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com