15 കിലോമീറ്റര്‍ ടണലുകള്‍ തകര്‍ത്തു; 9 ഹമാസ് കമാന്‍ഡര്‍മാരുടെ വീടുകളില്‍ ഇസ്രയേല്‍ ആക്രമണം, ഗാസയില്‍ മരിച്ചവരുടെ എണ്ണം 188ആയി

ഒരാഴ്ച മുന്‍പ് ആരംഭിച്ച യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു ഇത്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍



ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുന്നു. തിങ്കളാഴ്ച നടത്തിയ ആക്രമണത്തില്‍, ഗാസ സിറ്റിയിലെ ഹമാസിന്റെ 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലുകളും ഒന്‍പത് കമാന്‍ഡര്‍മാരുടെ വീടുകളും തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. 

ഒരാഴ്ച മുന്‍പ് ആരംഭിച്ച യുദ്ധത്തിലെ ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു ഇത്. കഴിഞ്ഞദിവസം ഇസ്രയേലിന്റെ ആക്രമണത്തില്‍ 42പേര്‍ കൊല്ലപ്പെട്ടിരുന്നു. 

എന്നാല്‍ ഇന്നു നടത്തിയ ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന് പത്തു മിനിറ്റ് മുന്‍പ് മാത്രമാണ് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതെന്ന് പ്രദേശ വാസികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു. 

ഗാസ നോര്‍ത്തിലെ വിവിധയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന ഹമാസ് കമാന്‍ഡര്‍മാരുടെ വീടുകളാണ് നശിപ്പിച്ചത്. തങ്ങളുടെ 20 കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഹമാസ് വ്യക്തമാക്കി. എന്നാല്‍ ഇതിലും വലുതാണ് കൊല്ലപ്പെട്ട ഹമാസ് പ്രവര്‍ത്തകരുടെ എണ്ണം എന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. 54 വിമാനങ്ങള്‍ ഉപയോഗിച്ചാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. 

ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ 188 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. ഇതില്‍ 55പേര്‍ കുട്ടികളും 33പേര്‍ സ്ത്രീകളുമാണ്. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. 

വ്യോമാക്രമണത്തില്‍ വന്‍ നാശനഷ്ടം സംഭവിച്ചതായി ഗാസ മേയര്‍ യഹഹ്യ സരാജ് പറഞ്ഞു. അതേസമയം, ഗാസ സിറ്റിയില്‍ ഇന്ധന ലഭ്യതക്കുറവ് അടക്കം നിരവധി പ്രശ്‌നങ്ങളുണ്ടെനന് യു എന്‍ വ്യക്തമാക്കി. മേഖലയിലെ പ്രധാന വൈദ്യുത നിലയം വേണ്ടത്ര ഇന്ധനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് യു എന്‍ വ്യക്തമാക്കി. നിലവില്‍ എട്ടുമുതല്‍ 12 മണിക്കൂര്‍ വരെയാണ് നഗരത്തില്‍ വൈദ്യുതി മുടങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com