വലിച്ചെറിഞ്ഞ ടിക്കറ്റിന് ഏഴേകാല്‍ കോടി, മടക്കി നല്‍കി  ഇന്ത്യന്‍ കുടുംബം; അമേരിക്കയില്‍ അഭിനന്ദന പ്രവാഹം 

 ഭാഗ്യം കടാക്ഷിച്ചില്ല എന്ന ധാരണയില്‍ വലിച്ചെറിഞ്ഞ കോടികളുടെ മൂല്യമുള്ള ലോട്ടറി മടക്കിനല്‍കിയ ഇന്ത്യന്‍ കുടുംബത്തിന് അമേരിക്കയില്‍ അഭിനന്ദനപ്രവാഹം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂയോര്‍ക്ക്:  ഭാഗ്യം കടാക്ഷിച്ചില്ല എന്ന ധാരണയില്‍ വലിച്ചെറിഞ്ഞ കോടികളുടെ മൂല്യമുള്ള ലോട്ടറി മടക്കിനല്‍കിയ ഇന്ത്യന്‍ കുടുംബത്തിന് അമേരിക്കയില്‍ അഭിനന്ദനപ്രവാഹം. ഏഴേകാല്‍ കോടിയുടെ സമ്മാനമാണ് അര്‍ഹതപ്പെട്ട സ്ത്രീക്ക് മടക്കി നല്‍കി ഇന്ത്യന്‍ കുടുംബം മാതൃകയായത്. ഇന്ത്യയിലെ മാതാപിതാക്കളുടെ ഉപദേശമാണ് കുടുംബത്തെ മാറ്റി ചിന്തിപ്പിച്ചത്.

അമേരിക്കയിലെ മസാച്ചുസെറ്റ്‌സില്‍ ലക്കി സ്‌പോട്ട് സ്റ്റോര്‍ നടത്തുന്ന ഇന്ത്യക്കാരന്‍ മൗനിഷ് ഷായും കുടുംബവുമാണ് സത്യസന്ധതയുടെ പര്യായമായി മാറിയത്. കടയില്‍ നിന്ന് ലോട്ടറി ടിക്കറ്റ് വാങ്ങിയ സ്ത്രീക്കാണ് ടിക്കറ്റിന് കോടികള്‍ സമ്മാനമായി ലഭിച്ചു എന്ന് അറിഞ്ഞിട്ടും മടക്കി നല്‍കിയത്. ടിക്കറ്റിന് സമ്മാനം ലഭിച്ചില്ല എന്ന ധാരണയില്‍ സ്‌റ്റോറില്‍ തന്നെ ലിയാസ് റോസ് ഫിഗ മടക്കി നല്‍കുകയായിരുന്നു. തുടര്‍ന്ന് നോക്കിയപ്പോഴാണ് മസാച്ചുസെറ്റ്‌സ് സ്‌റ്റേറ്റ് ലോട്ടറിയുടെ ഡയമണ്ട് ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിച്ചതായി അറിഞ്ഞത്. 

ടിക്കറ്റിന് സമ്മാനം ലഭിച്ചത് അറിഞ്ഞതോടെ രണ്ടുദിവസം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് മൗനിഷ് ഷാ പറയുന്നു. തുടര്‍ന്ന് ഇന്ത്യയിലുള്ള മാതാപിതാക്കളോട് കാര്യം പറഞ്ഞു. ടിക്കറ്റ് കൈയില്‍ സൂക്ഷിക്കുന്നത് ശരിയല്ലെന്നും ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് മടക്കിനല്‍കണമെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഭാഗ്യം ഉണ്ടെങ്കില്‍ ഇനിയും അത് തങ്ങളെ തേടി വരുമെന്നും മാതാപിതാക്കള്‍ ഉപദേശിച്ചതായി മൗനിഷ് ഷാ പറയുന്നു. മാതാപിതാക്കളുടെ വാക്കു കേട്ട് ടിക്കറ്റ് വാങ്ങിയ സ്ത്രീയെ കണ്ടെത്തുകയായിരുന്നു.

ടിക്കറ്റിന് സമ്മാനം ലഭിച്ചത് അറിഞ്ഞ് ലിയാസ് റോസ് ഫിഗ സന്തോഷം കൊണ്ട് കണ്ണീര്‍ പൂകി. ധൃതി കാരണം ടിക്കറ്റിന് സമ്മാനം ലഭിച്ചോ എന്ന് ശരിക്കും നോക്കാന്‍ സാധിച്ചില്ല. ടിക്കറ്റിന് സമ്മാനം ലഭിച്ചില്ല എന്ന ധാരണയില്‍ വലിച്ചെറിഞ്ഞ് കളഞ്ഞേക്കാന്‍ പറഞ്ഞ് കടയുടമകളെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ലിയാസ് റോസ് പറയുന്നു. തുടര്‍ന്ന് മൗനിഷ് ഷായുടെ മകന്‍ അഭി ഷാ ടിക്കറ്റ് സ്‌ക്രാച്ച് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് കോടികളുടെ സമ്മാനം ടിക്കറ്റിന് ലഭിച്ച കാര്യം അറിഞ്ഞത്. ആദ്യം വലിയ സ്വപ്‌നങ്ങള്‍ കണ്ടെങ്കിലും ഇന്ത്യയിലെ മുത്തശ്ശിയുടെയും മുത്തച്ഛന്റെയും ഉപദേശം കേട്ട് മടക്കി നല്‍കുകയായിരുന്നുവെന്ന് അഭി ഷാ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com