ഗാസ സംഘർഷത്തിലെ കുറ്റകൃത്യങ്ങളിൽ അന്വേഷണം; യുഎൻ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു

ഗാസ സംഘർഷത്തിലെ കുറ്റകൃത്യങ്ങളിൽ അന്വേഷണം; യുഎൻ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇസ്രയേലും ഹമാസും തമ്മിലുണ്ടായ സംഘർഷത്തിനിടെ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന യുഎൻ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ (യുഎന്‍എച്ച്ആര്‍സി) നടന്ന വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയടക്കം 14 രാജ്യങ്ങളാണ് വിട്ടുനിന്നതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 24 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചും ഒന്‍പത് രാജ്യങ്ങള്‍ എതിര്‍ത്തും വോട്ടു ചെയ്തു. ഇസ്രയേലും ഹമാസും തമ്മിൽ 11 ദിവസം നീണ്ടുനിന്ന സംഘർഷമാണ് നടന്നത്. 
 
യുഎന്‍എച്ച്ആര്‍സിയുടെ പ്രത്യേക സമ്മേളനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു.
 
രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. അടുത്തിടെ നടന്ന സംഘര്‍ഷത്തിനിടെ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കപ്പെട്ടോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പലസ്ഥീന്‍ പ്രദേശത്തെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രത്യേക സമ്മേളനം ചേര്‍ന്നത്.
 
ഇസ്രയേലും ഗാസയിലെ സായുധ ഗ്രൂപ്പുകളും തമ്മിലുണ്ടായ സംഘര്‍ഷം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കാനും രാജ്യാന്തര സമൂഹവും സമീപ രാജ്യങ്ങളും സ്വീകരിച്ച നടപടികളെ ഇന്ത്യ സ്വാഗതം ചെയ്തതായി യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി ഇന്ദ്ര മണി പാണ്ഡെ പറഞ്ഞു. നിലവിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഒരുതരത്തിലുള്ള ശ്രമവും ഉണ്ടാകാന്‍ പാടില്ലെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. 

ജറുസലേമിലും ഹറം അല്‍ ഷെരീഫിലും മറ്റ് പലസ്തീന്‍ പ്രദേശങ്ങളിലെയും അക്രമ സംഭവങ്ങളില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഇസ്രയേലിലുള്ള സാധാരണക്കാര്‍ക്ക് നേരെയുണ്ടാകുന്ന റോക്കറ്റ് ആക്രമണങ്ങളും ഇതിന് മറുപടിയെന്നോണം നടക്കുന്ന വ്യോമാക്രമണങ്ങളും കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നതെന്നും പാണ്ഡെ ചൂണ്ടിക്കാട്ടി.
 
11 ദിവസം നീണ്ട സംഘര്‍ഷം അവസാനിപ്പിച്ച് ഇസ്രയേലും ഹമാസും കഴിഞ്ഞ വെള്ളിയാഴ്ചയാണ് വെടി നിര്‍ത്തല്‍ ധാരണയിലെത്തിയത്. സംഘര്‍ഷത്തിനിടെ ഗാസയില്‍ 230 പേരും ഇസ്രയേലില്‍ 12 പേരുമാണ് മരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com