'മതി, മടുത്തു; ബോള്‍സോനാരോ വൈറസിനെ പുറത്താക്കണം'; ബ്രസീലില്‍ പ്രതിഷേധവുമായി പതിനായിരങ്ങള്‍

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ബ്രസീലില്‍ സര്‍ക്കാരിന്റെ ഭരണപരാജയത്തിന് എതിരെ വീണ്ടും പ്രതിഷേധം
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍



കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ബ്രസീലില്‍ സര്‍ക്കാരിന്റെ ഭരണപരാജയത്തിന് എതിരെ വീണ്ടും പ്രതിഷേധം. പ്രസിഡന്റ് ജെയിര്‍ ബോള്‍സോനാരോയ്ക്ക് എതിരെ പതിനായിരങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. കോവിഡ് വ്യാപനത്തെ നിസ്സാരമായി കണ്ട പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. 461000 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. 

'നരഹത്യ നടത്തുന്ന ബോള്‍സോനാരോ വൈറസ് പുറത്തുപോവുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം. ബ്രസീലിന്റെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ വന്‍ പ്രതിഷേധമാണ് നടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയ്ക്ക് പിന്നാലെ, ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ സംഭവിച്ച രാജ്യമാണ് ബ്രസീല്‍. 

കോവിഡ് ചെറിയ പനിപോലെയാണെന്നും മാസ്‌ക് ധരിക്കേണ്ട സാഹചര്യമില്ലെന്നും ഉള്‍പ്പെടെയുള്ള വിവാദ നിലപാടുകള്‍ സ്വീകരിച്ച ബോള്‍സോനാരോയ്ക്ക് എതിരെ മാസങ്ങളായി ബ്രസീലില്‍ പ്രതിഷേധം നടക്കുന്നുണ്ട്. 

'മതിയായി, ഈ സര്‍ക്കാരിനെ താഴെയിറക്കാനായുള്ള സമയമായിരിക്കുന്നു.' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പൊതുപരിപാടിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് എതിരെ ബോള്‍സോനാരോയ്ക്ക് ബ്രസീല്‍ സംസ്ഥാനമായ മാറഞ്ഞോയിലെ ഗവര്‍ണര്‍ കഴിഞ്ഞയാഴ്ച പിഴ ചുമത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com