മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്  വില്യം ഡി ക്ലർക് അന്തരിച്ചു; നെൽസൻ മണ്ടേലയ്ക്കൊപ്പം നൊബേൽ പങ്കിട്ട നേതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 06:00 PM  |  

Last Updated: 11th November 2021 06:00 PM  |   A+A-   |  

fw_de_klerk

ഫ്രെഡ്രിക് വില്യം ഡി ക്ലർക്/ ട്വിറ്റർ

 

ജൊഹന്നാസ്ബർ​ഗ്: ദക്ഷിണാഫ്രിക്കയിലെ വർണ വിവേചന കാലത്തെ അവസാന നേതാവും മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റുമായിരുന്ന ഫ്രെഡ്രിക് വില്യം ഡി ക്ലർക് (85) അന്തരിച്ചു. കേപ്ടൗണിലെ വസതിയിലായിരുന്നു അന്ത്യം. വർണ വിവേചന കാലഘട്ടമായ ‘അപ്പാർത്തീഡ് യുഗത്തിലെ’ അവസാന നേതാവായിരുന്നു ഫ്രെഡ്രിക്.

ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് നെൽസൻ മണ്ടേലയ്ക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഫ്രെഡ്രികിന് ലഭിച്ചിട്ടുണ്ട്. ശ്വാസകോശ പ്രവർത്തനത്തെ ബാധിക്കുന്ന മെസോത്തെലോമിയ എന്ന കാൻസർ രോഗം ബാധിച്ചതിനെത്തുടർന്ന് ഇമ്യൂണോതെറപ്പി ചികിത്സയിലായിരുന്നു. 

1993ലാണ് മണ്ടേലയ്ക്കൊപ്പം അദ്ദേഹം സമാധാനത്തിനുള്ള നൊബേൽ പങ്കിട്ടത്. ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തീഡ് കാലഘട്ടത്തിന് അന്ത്യം കുറിച്ച പ്രവർത്തനങ്ങൾക്കു നൽകിയ നേതൃത്വമാണ് ഇരുവരെയും നേട്ടത്തിലെത്തിച്ചത്. മണ്ടേല 2013 ഡിസംബറിലാണു വിട പറഞ്ഞത്.