'നിനക്ക് അത് തന്നെ വേണം'; മോഷ്ടിച്ച സ്‌കൂട്ടറുമായി അതിവേഗം ചീറിപ്പാഞ്ഞു, നിയന്ത്രണംവിട്ട് പാര്‍ക്ക് ചെയ്ത കാറില്‍ ഇടിച്ചു - വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 11:08 AM  |  

Last Updated: 25th November 2021 11:08 AM  |   A+A-   |  

accident case

നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ കാറില്‍ ഇടിക്കുന്ന ദൃശ്യം

 

ലണ്ടന്‍: വാഹന മോഷ്ടാക്കള്‍ എന്ന് സംശയിക്കുന്ന രണ്ടു യുവാക്കള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ യുവാക്കള്‍ അപകടത്തിന് ദൃക്‌സാക്ഷികളായവരോട് ആംബുലന്‍സ് വിളിക്കാന്‍ അപേക്ഷിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രഫോഡിലാണ് സംഭവം. സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളയുന്നു എന്ന സംശയത്തില്‍ ഇവരെ പിന്തുടര്‍ന്ന വഴിയാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. റോഡിന്റെ നടുവില്‍ യുവാവ് സ്‌കൂട്ടര്‍ നിര്‍ത്തി കൂട്ടുകാരന് വേണ്ടി കാത്തുനില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം.

കൂട്ടുകാരന്‍ വന്ന് പിന്നിലെ സീറ്റില്‍ വന്ന് ഇരുന്നതിന് ശേഷം മുന്നോട്ടെടുത്ത സ്‌കൂട്ടറാണ് നിയന്ത്രണംവിട്ട് എതിര്‍വശത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചെന്ന് ഇടിച്ചുനിന്നത്. മുഴുവന്‍ സ്പീഡും എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍ ഉളവാക്കും വിധമാണ് യുവാവ് സ്‌കൂട്ടര്‍ മുന്നോട്ടെടുത്തത്. എന്നാല്‍ നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ കാറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ പരിക്കേറ്റ യുവാക്കളില്‍ ഒരാള്‍ ആംബുലന്‍സ് വിളിക്കാന്‍ അപകടത്തിന് ദൃക്‌സാക്ഷികളായവരോട് പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതിനിടെ പൊലീസിനെ വിളിക്കൂ, ബൈക്ക് മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുന്നു എന്ന് വഴിയാത്രക്കാരന്‍ വിളിച്ചുപറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. വഴിയാത്രക്കാരില്‍ ഒരാള്‍ അപകടം കണ്ട് 'നിനക്ക് അങ്ങനെ തന്നെ വേണം' എന്നും അഭിപ്രായപ്പെട്ടു.