കണ്ടപ്പോള്‍ പ്ലാസ്റ്റിക് മുതല; സെല്‍ഫിയെടുക്കാനായി വെള്ളത്തിലേക്ക് ചാടി; കൈ കടിച്ചുപറിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പ്ലാസ്റ്റിക് നിര്‍മ്മിത മുതലയാണെന്ന് തെറ്റിദ്ധരിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിനോദസഞ്ചാരിയെ മുതല ആക്രമിച്ചു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം


മനില: പ്ലാസ്റ്റിക് നിര്‍മ്മിത മുതലയാണെന്ന് തെറ്റിദ്ധരിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിനോദസഞ്ചാരിയെ മുതല ആക്രമിച്ചു. കുളത്തിലേക്ക് മൊബൈലുമായി ചാടിയ വിനോദസഞ്ചാരിയുടെ കൈ മുതല കടിച്ചു കുടഞ്ഞു. ഫിലിപ്പന്‍സിലാണ് സംഭവം

കാഗയാന്‍ ഡി ഓറോ സിറ്റിയിലെ അമായ വ്യൂ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ രണ്ടാഴ്ച മുന്‍പാണ് സംഭവം. നെഹിമിയാസ് ചിപാഡ എന്ന 68കാരനാണ് മുതലയുടെ ആക്രമണത്തില്‍ ഇടതുകൈക്ക് പരിക്കേറ്റത്. പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  ഇയാളെ മുതല ആക്രമിക്കുന്നതിന്റെ വീഡിയോ വലിയ പ്രചാരം നേടിയിരുന്നു.

മുതലയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനായി മൊബൈലുമായാണ് ചിപാഡ കുളത്തിലേക്ക് ഇറങ്ങിയത്. ഇതിനു പിന്നാലെ മുതല ചിപാഡയുടെ ഇടതുകൈയില്‍ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിടാന്‍ ശ്രമിക്കുകയായിരുന്നു. ചിപാഡയുടെ കുടുംബാംഗങ്ങളും മറ്റ് വിനോദസഞ്ചാരികളും ഈ സമയം പരിസരത്തുണ്ടായിരുന്നു. സംഭവം കണ്ടുനിന്ന റോജെലിയോ പമീസ ആന്റിഗ എന്നയാളാണ് ദൃശ്യം പകര്‍ത്തിയത്. 

മുതലയുടെ പിടിവിടുവിച്ച് കുളത്തില്‍നിന്ന് ചിപാഡ ഓടിയിറങ്ങുന്നതും മുറിവേറ്റ കൈയുടെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. പരിക്കേറ്റതിന് പിന്നാലെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൈയില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പാര്‍ക്കില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ചിപാഡയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ ഈ ആരോപണം നിഷേധിച്ച പാര്‍ക്ക് അധികൃതര്‍, ചിപാഡയ്ക്ക് ധനസഹായം നല്‍കുമെന്ന് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com