85 വിമാനയാത്രക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ്; എത്തിയത് ദക്ഷിണാഫ്രിക്കയില്‍ നിന്ന്; നെതര്‍ലാന്‍ഡ്‌സില്‍ ആശങ്ക

ദക്ഷിണാഫ്രിക്കയില്‍ നിന്നും 600 യാത്രക്കാരുമായി രണ്ട് വിമാനങ്ങളാണ് ഷിഫോള്‍ വിമാനത്താവളത്തിലിറങ്ങിയത്
ഫോട്ടോ : എ പി
ഫോട്ടോ : എ പി

ആംസ്റ്റര്‍ഡാം: ദക്ഷിണാഫ്രിക്കയില്‍ നിന്നും വന്ന രണ്ടു വിമാനങ്ങളിലെ 85 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നെതര്‍ലാന്‍ഡ്‌സ് കടുത്ത ആശങ്കയിലാണ്. രോഗബാധ സ്ഥിരീകരിച്ച യാത്രക്കാര്‍ക്ക് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ആണോയെന്ന് പരിശോധനകള്‍ നടക്കുകയാണെന്ന് ഡച്ച് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ദക്ഷിണാഫ്രിക്കയില്‍ നിന്നും 600 യാത്രക്കാരുമായി രണ്ട് വിമാനങ്ങളാണ് ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തിലിറങ്ങിയത്. എയര്‍പോര്‍ട്ടില്‍ യാത്രക്കാരില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഡച്ച് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കോവിഡ് പോസിറ്റീവ് ആയവരെ വിമാനത്താവളത്തിന് സമീപത്തുതന്നെ ഹോട്ടലില്‍ ക്വാറന്റീനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഡച്ച് സര്‍ക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

പുതിയ വൈറസ് പടരുന്നു

ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഏഷ്യന്‍ രാജ്യമായ ഹോങ്കോങ്, ഇസ്രായേല്‍, യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയം എന്നിവിടങ്ങളിലാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ മാത്രം ഇതിനോടകം 100 ലേറെ പേര്‍ക്ക് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒമൈക്രോണ്‍ എന്നു പേരിട്ട പുതിയ വൈറസ് വകഭേദം അതീവ അപകടകാരിയാണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ഇതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 

നിരവധി തവണ ജനിതക വ്യതിയാനത്തിന് വിധേയമായ പുതിയ വകഭേദത്തിന് കോവിഡ് വാക്‌സിനുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കുമെന്ന മുന്നറിയിപ്പുകളാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ യ.1.1.529 വകഭേദത്തിന് 50 തവണയാണ് ജനിതകവ്യതിയാനം സംഭവിച്ചത്. സ്‌പൈക് പ്രോട്ടീന്‍ മാത്രം 30 തവണയാണ് പരിവര്‍ത്തനത്തിന് വിധേയമായത്. അതുകൊണ്ട് തന്നെ വ്യാപനശേഷി കൂടിയ മാരക വൈറസാവാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്കുമായി രാജ്യങ്ങള്‍

ആഫ്രിക്കയിലെ വകഭേദം യൂറോപ്പില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണം എന്ന് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ചു. ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. ഇറ്റലി, സിംഗപ്പൂര്‍, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com