ചൈന മുഖ്യ പങ്കാളി ; അഫ്ഗാനിസ്ഥാനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ സഹായം ഉണ്ടാകുമെന്ന് താലിബാന്‍

മേഖലയുടെ സുരക്ഷയിലും വികസനത്തിലും അഫ്ഗാന്‍ തന്ത്രപ്രധാന റോള്‍ വഹിക്കുമെന്ന് താലിബാന്‍
പിടിഐ ചിത്രം
പിടിഐ ചിത്രം

കാബൂള്‍ : ചൈന മുഖ്യ പങ്കാളിയെന്നും, അഫ്ഗാനിസ്ഥാനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയുടെ സഹായം ഉണ്ടാകുമെന്നും താലിബാന്‍. അഫ്ഗാനില്‍ ചൈനയ്ക്ക് എംബസിയുണ്ടാകും. അഫ്ഗാനില്‍ ചൈന നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തുമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. 

താലിബാന്റെ ഖത്തര്‍ പൊളിറ്റിക്കല്‍ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ സലാം ഹനാഫി ചൈനീസ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വു ജിയാങ്‌ഹോയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തിയാതും താലിബാന്‍ വക്താവ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികളും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭാവി ബന്ധങ്ങളും ചര്‍ച്ചയായി. 

കാബൂളിലെ എംബസി നിലനിര്‍ത്തുമെന്ന് ചൈനീസ് മന്ത്രി വു ജിയാങ്‌ഹോ ഉറപ്പു നല്‍കി. മുന്‍കാലങ്ങളിലേതുപോലെ കൂടുതല്‍ ഊഷ്മളമായ ബന്ധം തുടരും. കോവിഡിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനില്‍ ചികില്‍സാ സഹായങ്ങളും നല്‍കുമെന്ന് ചൈനീസ് മന്ത്രി അറിയിച്ചു. മേഖലയുടെ സുരക്ഷയിലും വികസനത്തിലും അഫ്ഗാന്‍ തന്ത്രപ്രധാന റോള്‍ വഹിക്കുമെന്നും താലിബാന്‍ വക്താവ് പറഞ്ഞു. 

അതിനിടെ, അഫ്ഗാനിസ്ഥാനിലെ ബാഗ്രാം വ്യോമസേനാ താവളം പിടിച്ചെടുക്കാന്‍ ചൈന ശ്രമിക്കുന്നതായി മുന്‍ യുഎസ് നയതന്ത്ര പ്രതിനിധി നിക്കി ഹേലി പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിലയുറപ്പിച്ച ശേഷം പാകിസ്ഥാനെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ ചൈന പദ്ധതിയിടുന്നതായി ഹേലി മുന്നറിയിപ്പ് നല്‍കി. യുഎസ്, ചൈനയെ വീക്ഷിക്കേണ്ടത് ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിലെ സൈന്യത്തിന്റെ പിന്മാറ്റം ഭീകരർ വിജയമായി കാണുകയും അവര്‍ ലോകമെമ്പാടും പുതിയ റിക്രൂട്ട്മെന്‍റ് നടത്താനും സാധ്യതയുണ്ട്. അങ്ങനെയൊരു അവസ്ഥ വന്നാല്‍, കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകും. അഫ്ഗാന്‍ തെരുവുകളില്‍ ഭീകരരുടെ അഴിഞ്ഞാട്ടമാണ്. ജോ ബൈഡനു മേല്‍ യുഎസ് ജനതയ്ക്ക് ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടതായും നിക്കി ഹേലി പറ‍ഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com