പോസ്റ്റുകള്‍ക്ക് കീഴിലെ അധിക്ഷേപ കമന്റുകള്‍ക്ക് ഉത്തരവാദിത്വംമാധ്യമ സ്ഥാപനങ്ങള്‍ക്ക്; ഓസ്‌ട്രേലിയന്‍ കോടതി

ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴില്‍ വരുന്ന അപകീര്‍ത്തികരമായ കമന്റുകള്‍ക്ക് ഉത്തരവാദി ആ വാര്‍ത്ത പോസ്റ്റ് ചെയ്യുന്ന മാധ്യമസ്ഥാപനങ്ങള്‍ ആയിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പരമോന്നത കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് കീഴില്‍ വരുന്ന അപകീര്‍ത്തികരമായ കമന്റുകള്‍ക്ക് ഉത്തരവാദി ആ വാര്‍ത്ത പോസ്റ്റ് ചെയ്യുന്ന മാധ്യമസ്ഥാപനങ്ങള്‍ ആയിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പരമോന്നത കോടതി. പ്രസാധകര്‍ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും അത് മറ്റുള്ളവരെ മനസ്സിലാക്കാന്‍ ബാധ്യസ്ഥരുമാണെന്ന് ഓസ്‌ട്രേലിയന്‍ ഹൈക്കോടതി വ്യക്തമാക്കി. 

ജുവനയല്‍ നിയമപ്രകാരം ശിക്ഷ അനുഭവിച്ച ഡിലന്‍ വോളര്‍ എന്നയാളുടെ മാനനഷ്ടക്കേസ് പരിഗണിച്ചുകൊണ്ടാണ് കോടതി പരാമര്‍ശം നടത്തിയത്. സിഡ്‌നി മോണിങ് ഹെറാള്‍ഡ്, ദി ഓസ്‌ട്രേലിയന്‍, സ്‌കൈ ന്യൂസ് ഓസ്‌ട്രേലിയ എന്നിവയുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ വന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് വോളര്‍ കോടതിയെ സമീപിച്ചത്. 

വോളര്‍ ജുവനയല്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍ ആയിരുന്ന സമയത്ത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ക്കടിയിലായിരുന്നു അധിക്ഷേപ പരാമര്‍ശങ്ങള്‍ നിറഞ്ഞത്. ഇതേത്തുടര്‍ന്ന് 2017ലാണ് വോളര്‍ മാനനഷ്ടക്കേസ് കൊടുത്തത്. 

എന്നാല്‍ കോടതി നിലപാടിന് എതിരെ മാധ്യമങ്ങള്‍ രംഗത്തെത്തി. പേജ് കൈകാര്യം ചെയ്യുന്നവര്‍ അധിക്ഷേപ കമന്റ് അറിഞ്ഞില്ലെങ്കില്‍പ്പോലും അതിന് ഉത്തരവാദികള്‍ ആകുന്ന സാഹചര്യം വരുമെന്ന് ന്യൂസ് കോര്‍പ് ഓസ്‌ട്രേലിയ അഭിപ്രായപ്പെട്ടു.

ഭാവിയില്‍ സോഷ്യല്‍ മീഡിയയില്‍ എന്തുപോസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് സിഡ്‌നി മോണിങ് സ്റ്റാര്‍ പത്രം പ്രതികരിച്ചു. ഇത് ഫെയ്‌സ്ബുക്കിലെ കമന്റ് ഓപ്ഷന്‍ ഓഫ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണെന്നും മോണിങ് സ്റ്റാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വിധിയെപ്പറ്റി ഫെയ്‌സ്ബുക്കിന്റെ ഭാഗത്തുനിന്ന് പ്രതികരണം ലഭ്യമായിട്ടില്ല. 

കോടതി വിധി ചരിത്രപരമായ തീരുമാനമാണെന്നും സാമൂഹ്യ മാധ്യമങ്ങളിലെ ആള്‍ക്കൂട്ട ആക്രമണത്തിന് എതിരായ വിധിയാണെന്നും വോളറുടെ അഭിഭാഷകന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com