'സ്ത്രീകള്‍ പ്രസവിക്കാനുള്ളവര്‍; മന്ത്രിമാര്‍ ആകേണ്ടവരല്ല'- താലിബാന്‍ (വീഡിയോ)

'സ്ത്രീകള്‍ പ്രസവിക്കാനുള്ളവര്‍; മന്ത്രിമാര്‍ ആകേണ്ടവരല്ല'- താലിബാന്‍ (വീഡിയോ)
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാബൂള്‍: സ്ത്രീകള്‍ മന്ത്രിമാരാകേണ്ടവരല്ലെന്നും അവര്‍ പ്രസവിക്കാനുള്ളവര്‍ ആണെന്നും താലിബാന്‍. ഒരു അഭിമുഖത്തിലാണ് താലിബാന്‍ വക്താവിന്റെ ഈ അഭിപ്രായപ്രകടനം. താലിബാന്‍ ഭരണം പിടിച്ച ശേഷം മന്ത്രിസഭാ രൂപീകരണത്തിനായി തയ്യാറെടുക്കുകയാണ്. അതിനിടെ ടൊളൊ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താലിബാന്‍ വക്താവ് സയ്യിദ് സെക്രുള്ള ഹാഷിമി നിലപാട് വ്യക്തമാക്കിയത്. പുതിയ മന്ത്രിസഭയില്‍ വനിതകള്‍ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ് സയ്യിദ് സെക്രുള്ള ഹാഷിമിയുടെ പ്രതികരണം. 

'ഒരു സ്ത്രീയ്ക്ക് മന്ത്രിയാകാന്‍ സാധിക്കില്ല. അവരുടെ ചുമലില്‍ അത്തരമൊരു ഭാരം കെട്ടിവച്ചാല്‍ അത് ചുമക്കാന്‍ അവര്‍ക്ക് സാധിക്കില്ല. സ്ത്രീകള്‍ മന്ത്രിസഭയില്‍ ഉണ്ടാകണമെന്നത് അനിവാര്യമായ കാര്യമേ അല്ല. അവര്‍ പ്രസവിക്കാനുള്ളവരാണ്. പ്രതിഷേധിക്കാന്‍ ഇറങ്ങുന്ന സ്ത്രീകള്‍ അഫ്ഗാനിലെ മുഴുവന്‍ സ്ത്രീകളുടേയും പ്രതിനിധികള്‍ അല്ല'- ഹാഷിമി വ്യക്തമാക്കി. 

സ്ത്രീകള്‍ സമൂഹത്തിന്റെ പാതിയാണെന്ന് റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടി. ഇത് പറഞ്ഞപ്പോള്‍ ഹാഷിമിയുടെ മറുപടി ഇങ്ങനെയായിരുന്നു- 

'ഞങ്ങള്‍ സ്ത്രീകളെ അങ്ങനെ പരിഗണിക്കുന്നില്ല. ഏതുതരം പാതിയാണ്? പകുതി തന്നെ ഇവിടെ തെറ്റായി നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. അവരെ കാബിനെറ്റില്‍ എടുക്കുന്ന കാര്യത്തിലാണോ നിങ്ങള്‍ പകുതി എന്ന് അര്‍ത്ഥമാക്കുന്നത്. അവളുടെ അവകാശങ്ങള്‍ ലംഘിക്കുക എന്നത് വിഷയമേ അല്ല. കഴിഞ്ഞ 20 വര്‍ഷമായി ഈ മാധ്യമങ്ങളും യുഎസും അഫ്ഗാനിസ്ഥാനിലെ പാവ ഗവണ്‍മെന്റും എല്ലാം ഓഫീസുകളില്‍ വ്യഭിചരം നടടത്തുകയായിരുന്നു'- ഹാഷിമി ആരോപിച്ചു.

വനിതകള്‍ വ്യഭിചരിക്കുകയായിരുന്നുവെന്ന് നിങ്ങള്‍ പറയരുതെന്ന് മാധ്യമപ്രവര്‍ത്തകന്‍ താലിബാന്‍ വക്താവിനോട് പറയുന്നു. 

'എല്ലാ വനിതകളും അങ്ങനെയാണെന്ന് പറഞ്ഞിട്ടില്ല. തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുന്ന നാല് വനിതകള്‍ അഫ്ഗാനിലെ മുഴുവന്‍ സ്ത്രീകളുടേയും പ്രതിനിധികള്‍ അല്ല. അഫ്ഗാനിലെ സ്ത്രീകള്‍ എന്നു പറഞ്ഞാല്‍ അഫ്ഗാനിലെ പൗരന്‍മാരെ പ്രസവിക്കുകയും അവര്‍ക്ക് ഇസ്ലാമിക മൂല്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നവരാണ്'- ഹാഷിമി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com